ചെൽസി താരങ്ങളുടെ പിന്തുണ പരിശീലകന്, ലുക്കാക്കുവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുമെന്ന് ടുഷെൽ

Chelsea v Brighton & Hove Albion - Premier League
Chelsea v Brighton & Hove Albion - Premier League / Robin Jones/GettyImages
facebooktwitterreddit

തോമസ് ടുഷെലിന്റെ തന്ത്രങ്ങളെ വിമർശിച്ച റൊമേലു ലുക്കാക്കുവിനെ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുത്തിയ തീരുമാനത്തിൽ ചെൽസി താരങ്ങളുടെ പരിപൂർണമായ പിന്തുണ ചെൽസി പരിശീലകനുണ്ടെന്നു ഗോൾ റിപ്പോർട്ടു ചെയ്യുന്നു. സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ സീസണിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ടുഷെലിന്റെ ശൈലിയിൽ തനിക്ക് താൽപര്യമില്ലെന്ന് ലുക്കാക്കു വെളിപ്പെടുത്തിയത്.

ലുക്കാക്കുവിന്റെ വാക്കുകൾ തീർത്തും അനാവശ്യമായിരുന്നു എന്നാണു അതേപ്പറ്റി തോമസ് ടുഷെൽ പ്രതികരിച്ചത്. താരവുമായി സംസാരിക്കുമെന്നും ബാക്കി നടപടികൾ എന്തു വേണമെന്നു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് മുഴുവൻ അഭിമുഖവും കണ്ടതിനു ശേഷം ലിവർപൂളിനെതിരായ നിർണായക പ്രീമിയർ ലീഗ് മത്സരത്തിൽ തന്നെ ലുക്കാക്കുവിനെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയത്.

ലുക്കാക്കുവിനെതിരായ നടപടി ചെൽസിയിൽ താരങ്ങളും പരിശീലകനും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമാകുമോ എന്ന സംശയങ്ങൾ ഉയർന്നുവെങ്കിലും ചെൽസി പരിശീലകന്റെ തീരുമാനത്തിൽ താരങ്ങൾ പിന്തുണ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം അസാമാന്യ പ്രകടനം നടത്തി ചെൽസി തിരിച്ചു വന്ന് സമനില നേടുകയും ചെയ്‌തിരുന്നു.

ചെൽസി ആരാധകരിൽ നിന്നും ജർമൻ പരിശീലകന് പിന്തുണ ലഭിക്കുന്നുണ്ട്. ലുക്കാക്കുവിനെ പുറത്തിരുത്തിയ മത്സരത്തിൽ ആരാധകരിൽ നിന്നും തോമസ് ടുഷെലിനു പിന്തുണ അറിയിച്ചു കൊണ്ടുള്ള ചാന്റുകൾ ഉയർന്നിരുന്നു. മത്സരത്തിൽ പിന്നിലായി പോയതിനു ശേഷം ചെൽസി കാണിച്ച പോരാട്ടവീര്യം നേടിയെടുത്ത സമനിലയുമെല്ലാം ടുഷെലിനു ഗുണമായാണ് വന്നിരിക്കുന്നത്.

അതേസമയം ഈ വിഷയത്തിൽ കൂടുതൽ സങ്കീർണതകളിലേക്ക് പോകേണ്ടതില്ലെന്ന അഭിപ്രായമാണ് എല്ലാവർക്കുമുള്ളത്. ലുക്കാക്കു ചെൽസിയുടെ താരമാണെന്നും അതിനാൽ തന്നെ ഈ പ്രശ്‌നം പരിഹരിക്കുമെന്നും ടുഷെൽ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌പർസിനെതിരെ നടക്കുന്ന അടുത്ത പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് താരം ടീമിലേക്ക് തിരിച്ചു വരുമെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.