Transfers

റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസുമായി ചർച്ചകൾ നടത്തി ചെൽസി ഉടമ

Sreejith N
Chelsea Owner Meet With Ronaldo's Agent
Chelsea Owner Meet With Ronaldo's Agent / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചെൽസിയിലേക്കെന്ന അഭ്യൂഹങ്ങളുയർത്തി താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസുമായി ബ്ലൂസിന്റെ ഉടമയായ ടോഡ് ബോഹ്‍ലി ചർച്ചകൾ നടത്തി. മരിന ഗ്രാനോവ്‌സ്‌കിയ സ്ഥാനം ഒഴിഞ്ഞതിനു ശേഷം ടോഡ് ബോഹ്‍ലി ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ സ്ഥാനവും കൈകാര്യം ചെയ്യുന്നുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്‌ച നടക്കുന്നത്. അടുത്ത സീസണിലേക്കുള്ള ക്ലബിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ മന്ദഗതിയിൽ നീങ്ങുന്നതിൽ റൊണാൾഡോക്ക് അതൃപ്‌തിയുണ്ടെന്നും കിരീടങ്ങൾ നേടാനുള്ള സാധ്യത കുറയും എന്നതിനാൽ ക്ലബ് വിടുന്ന കാര്യം താരം ആലോചിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൽപര്യമുള്ള റൊണാൾഡോയെ സ്വന്തമാക്കാനുള്ള ചർച്ചകൾ ടോഡ് ബോഹ്‍ലി ഏജന്റായ ജോർജ് മെൻഡസുമായി നടത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല എന്നാണ് ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ താരം ബയേണിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ജർമൻ ക്ലബ് തന്നെ അതു നിഷേധിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ റൊണാൾഡോയുടെ കരാർ ഒരു വർഷം മാത്രമേ ബാക്കിയുള്ളൂവെങ്കിലും താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നില്ല. ക്ലബ് പരിശീലകനായി സ്ഥാനമേറ്റെടുത്ത എറിക് ടെൻ ഹാഗും അടുത്ത സീസണിലെ പദ്ധതികളിൽ റൊണാൾഡോക്ക് ഇടമുണ്ടാകുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ പ്രീമിയർ ലീഗിലെ മറ്റു വമ്പൻ ക്ലബുകളെപ്പോലെ മികച്ച താരങ്ങളെ എത്തിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്താത്തതിൽ റൊണാൾഡോക്ക് അതൃപ്‌തിയുണ്ട്. ചെൽസി സ്‌ട്രൈക്കറായ ലുക്കാക്കു ഇന്റർ മിലാനിലേക്ക് ലോൺ കരാറിൽ ചേക്കേറുന്നതിനാൽ പകരക്കാരനായി റൊണാൾഡോ എത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit