ലെവൻഡോസ്‌കിയിൽ കണ്ണുവെച്ച് പ്രീമിയർ ലീഗ് വമ്പൻമാർ, ബാഴ്‌സലോണക്ക് വെല്ലുവിളി

Chelsea Monitoring Lewandowski Situation
Chelsea Monitoring Lewandowski Situation / Stuart Franklin/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കുന്നില്ലെന്നു സ്ഥിരീകരിച്ച പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയെ നോട്ടമിട്ട് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും രംഗത്തുണ്ടെന്ന് റിപ്പോർട്ട്. മുപ്പത്തിമൂന്നുകാരനായ താരത്തിന് ഒരു വർഷം ബയേൺ മ്യൂണിക്കുമായി കരാർ ബാക്കി നിൽക്കെയാണ് അതു പുതുക്കുന്നില്ലെന്നു തീരുമാനിച്ചത്. ഇതോടെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലെവൻഡോസ്‌കി ക്ലബ് വിടാനാണു സാധ്യത.

ലെവൻഡോസ്‌കിക്കായി ബാഴ്‌സലോണ സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ ടീമിന് നിരവധി കടമ്പകൾ കടന്നു മാത്രമേ താരവുമായി കരാറിലെത്താൻ കഴിയൂ. ഈ സാഹചര്യം മുതലെടുത്ത് ലെവൻഡോസ്‌കി ട്രാൻസ്‌ഫറിൽ മുൻ‌തൂക്കം നേടാമെന്നു ചെൽസി കരുതുന്നതായി ഗോൾ റിപ്പോർട്ടു ചെയ്യുന്നു. ചെൽസി പരിശീലകൻ തോമസ് ടുഷെലിനു ലെവൻഡോസ്‌കിയിൽ പ്രത്യേക താല്പര്യവുമുണ്ട്.

നിലവിൽ ചെൽസിക്കു മേൽ ബ്രിട്ടീഷ് സർക്കാരിന്റെ നടപടി ഉള്ളതിനാൽ സൈനിംഗുകൾ ഒന്നും ഇപ്പോൾ നടത്താൻ കഴിയില്ല. എന്നാൽ പുതിയ ഉടമകൾ ക്ലബ്ബിനെ ഏറ്റെടുക്കാൻ ഒരുങ്ങി നിൽക്കെ അതു പൂർത്തിയായാൽ ചെൽസി ട്രാൻസ്‌ഫർ മാർക്കറ്റിൽ ഇടപെട്ടു തുടങ്ങും. അങ്ങിനെ സംഭവിച്ചാൽ അതു ബാഴ്‌സലോണയുടെ ലെവൻഡോസ്‌കി നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്യുമെന്നതിൽ സംശയമില്ല.

2018ൽ ഡീഗോ കോസ്റ്റ ചെൽസി വിട്ടതിനു ശേഷം മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം നേരിടുന്ന ചെൽസി കഴിഞ്ഞ സമ്മറിൽ തന്നെ ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ബയേൺ എൺപതു മില്യൺ യൂറോ താരത്തിന് വില പറഞ്ഞതോടെ അതിൽ നിന്നും പിന്മാറിയ ചെൽസി പിന്നീട് ഇന്റർ മിലാനിൽ നിന്നും റൊമേലു ലുക്കാക്കുവിനെ ടീമിലേക്ക് എത്തിക്കുകയായിരുന്നു.

മുപ്പത്തിമൂന്നു വയസുള്ള ലെവൻഡോസ്‌കി ഇനിയും മൂന്നു വർഷങ്ങൾ ടോപ് ലെവൽ ഫുട്ബോളിൽ തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. താരം നിലവിൽ നടത്തുന്ന പ്രകടനം ഇനിയും തുടരാൻ കഴിഞ്ഞാൽ സ്വന്തമാക്കുന്ന ടീമുകൾക്ക് വലിയ കുതിപ്പു നൽകാൻ കഴിയും. ബാഴ്‌സക്കാണോ ചെൽസിക്കാണോ അതിനു കഴിയുകയെന്നാണ് ഇനി കണ്ടറിയേണ്ടത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.