Transfers

പി.എസ്.ജി താരം പ്രെസ്‌നൽ കിംപെമ്പെക്കായി 40 മില്യൺ പൗണ്ട് ഓഫര്‍ ചെയ്‌ത്‌ ചെല്‍സി

Haroon Rasheed
Kimpembe has attracted transfer interest from Chelsea
Kimpembe has attracted transfer interest from Chelsea / James Williamson - AMA/GettyImages
facebooktwitterreddit

പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന ഫ്രഞ്ച് താരം പ്രെസ്‌നൽ കിംപെമ്പെക്ക് ഓഫറുമായി ചെല്‍സി. ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കാനായി ചെൽസി 40 മില്യൺ പൗണ്ട് ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഈ സമ്മറില്‍ ഇതിനോടകം നാപോളിയുടെ സെനഗലീസ് താരമായിരുന്ന കലിഡൗ കൂലിബാലിയെ ചെല്‍സി ടീമിലെത്തിച്ചിരുന്നു. രണ്ടാമത്തെ പ്രതിരോധ താരത്തിനായുള്ള ശ്രമങ്ങളാണ് ചെൽസി ഇപ്പോൾ നടത്തുന്നത്.

അതേസമയം 42 മില്യൺ പൗണ്ടിനെങ്കിലും കിംപെമ്പെയെ വില്‍ക്കാന്‍ കഴിയുമെന്നാണ് പി.എസ്.ജിയുടെ പ്രതീക്ഷ.

പി.എസ്.ജിയുടെ അക്കാദമിയിലൂടെ വളര്‍ന്ന കിംപെമ്പെ കരിയറില്‍ മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ കളിച്ചിട്ടില്ല. നേരത്തെ ടുഷേല്‍ പി.എസ്.ജിയുടെ പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹത്തിന് കീഴില്‍ രണ്ടര വര്‍ഷം കളിച്ച് പരിചയമുള്ള താരമാണ് കിംപെമ്പെ.

തങ്ങളുടെ പ്രതിരോധ നിരയില്‍ നിന്ന് രണ്ട് താരങ്ങള്‍ ക്ലബ് വിട്ടതോടെയാണ് ചെല്‍സി പ്രതിരോധത്തിലേക്ക് താരങ്ങളെ തിരയുന്നത്. ഫ്രീ ട്രാൻസ്ഫറിൽ അന്റോണിയോ റൂഡിഗര്‍, ആന്ദ്രിയാസ് ക്രിസ്റ്റിയന്‍സന്‍ എന്നിവര്‍ ക്ലബ് വിട്ടതാണ് പ്രതിരോധനിരയില്‍ വിടവ് വരാന്‍ കാരണം. മറ്റൊരു പ്രതിരോധതാരമായ സെസാർ അസ്പിലിക്യേറ്റയുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബ്ലൂസ് പ്രതിരോധം കാക്കാന്‍ പുതിയ താരങ്ങളെ ലക്ഷ്യമിടുന്നത്.

കിംപെമ്പെയെ ടീമിലെത്തിക്കാന്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും രംഗത്തുണ്ട്. ഇക്കാര്യത്തിൽ പിഎസ്‌ജിയുമായി അവർ ചർച്ചകളിലാണെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, ബാഴ്‌സലോണ നോട്ടമിട്ടിരിക്കുന്ന ജൂള്‍ കൂണ്ടെയെ ടീമിലെത്തിക്കാന്‍ വേണ്ടി സെവിയ്യയുമായും ചെൽസി ചർച്ചകളിലാണെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


facebooktwitterreddit