ചിൽവെല്ലിന്റെ പരിക്ക്, അർജന്റീനിയൻ പ്രതിരോധ താരത്തെ ലക്ഷ്യമിട്ട് ചെൽസി
By Sreejith N

ലെഫ്റ്റ് ബാക്കായ ബെൻ ചിൽവെല്ലിനു പരിക്കു മൂലം ഈ സീസൺ മുഴുവൻ നഷ്‌ടമാകും എന്നിരിക്കെ വരുന്ന ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പകരക്കാരനെ സ്വന്തമാക്കാൻ ചെൽസി ഒരുങ്ങുന്നു. മുട്ടുകാലിനേറ്റ പരിക്കിനു ശസ്ത്രക്രിയ വേണ്ടതിനെ തുടർന്നാണ് ചെൽസിയുടെ പ്രധാന താരമായ ചിൽവെല്ലിനു സീസൺ മുഴുവൻ നഷ്ടമാകുന്നത്.
ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ലഭ്യമാകുന്ന നിരവധി ലെഫ്റ്റ് ബാക്കുകളെ ലക്ഷ്യമിട്ടു നിൽക്കുന്ന ചെൽസിയുടെ റഡാറിൽ അയാക്‌സിന്റെ അർജന്റീനിയൻ താരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരം ഡച്ച് ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്ന് ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ടു ചെയ്‌തത്.
Nicolas Tagliafico of Ajax being linked to Chelsea. https://t.co/0ghkU8mDQK
— Roy Nemer (@RoyNemer) December 28, 2021
മുൻപ് അയാക്‌സിന്റെ പ്രധാന താരമായിരുന്നെങ്കിലും ഈ സീസണിൽ ടാഗ്ലിയാഫികോക്ക് അവസരങ്ങൾ താരതമ്യേനെ കുറവാണ്. പതിമൂന്നു മത്സരങ്ങളിൽ മാത്രം ഇതുവരെ കളിക്കാൻ ഇറങ്ങിയിട്ടുള്ള താരത്തിനായി മികച്ചൊരു ഓഫർ ലഭിച്ചാൽ അയാക്‌സ് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം നിക്കോളാസ് ടാഗ്ലിയാഫികോയെ മാത്രമല്ല ചെൽസി ചിൽവെല്ലിനു പകരക്കാരനായി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ നോട്ടമിടുന്നത്. ഏവർട്ടണിന്റെ ഫ്രഞ്ച് താരമായ ലൂക്കാസ് ഡിന്യേ, ബാഴ്‌സയുടെ അമേരിക്കൻ ഫുൾ ബാക്കായ സെർജിനോ ഡെസ്റ്റ് എന്നിവരും ചെൽസിയുടെ ലിസ്റ്റിലുണ്ട്.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിക്ക് ഈ സീസണിൽ താരങ്ങൾക്കുള്ള പരിക്കും കോവിഡ് അണുബാധയും തിരിച്ചടി നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സീസണിൽ കരുത്തു കാണിക്കാൻ ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കേണ്ടത് അവർക്ക് അനിവാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.