ഓറിലിയൻ ചുഅമെനിയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡിനൊപ്പം ചെല്‍സിയും രംഗത്ത്

യൂറോപ്പിലെ നിരവധി വമ്പൻ ക്ലബുകൾ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന ഫ്രഞ്ച് യുവ താരം ഓറിലിയൻ ചുഅമെനിയെ തേടി ചെല്‍സിയും രംഗത്ത്. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ക്ലബായ മൊണോക്കോയില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ചുഅമെനി വമ്പൻ ക്ലബുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. മൊണോക്കോയിലെ മികച്ച പ്രകടനം താരത്തിന് ഫ്രഞ്ച് ദേശീയ ടീമിലേക്കുള്ള വഴി തെളിക്കുകയും ചെയ്തിരുന്നു.
21കാരനായ മിഡ്ഫീല്‍ഡറെ ടീമിലെത്തിക്കുന്നതിനുള്ള പദ്ധതി സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് നേരത്തെ തുടങ്ങിയിരുന്നു. പ്രീമിയര്‍ ലീഗ് കരുത്തന്മാരും ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായ ചെല്‍സിയും ചുഅമെനിയെ സ്വന്തമാക്കാൻ രംഗത്തുണ്ടെന്നാണ് സ്പാനിഷ് മാധ്യമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.
2024 വരെ മൊണാക്കോയുമായി കരാറുള്ള ചുഅമെനിയുടെ നിലവിലെ മൂല്യം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് കണക്കുകൾ പ്രകാരം 18 മില്യന്‍ യൂറോയിൽ നിന്ന് 36 മില്യന്‍ യൂറോയിലേക്ക് കുതിച്ചിട്ടുണ്ട്.
നന്നായി വര്‍ക്ക് ചെയ്യുന്ന കഴിവിന്റെ പരമാവധി പ്രകടനം നടത്തുന്ന വിനയാന്വിതനായ താരമാണ് ചുഅമെനിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റയല്‍ മാഡ്രിഡ് തന്നെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചുഅമെനി നേരത്തെ പ്രതികരിച്ചിരുന്നു. ഒരു പക്ഷെ ദീര്‍ഘകാല കരാറില്‍ റയല്‍ മാഡ്രിഡിന്റെ മിഡ്ഫീല്‍ഡില്‍ ചുഅമെനിയെ കണ്ടേക്കാം.
അതേ സമയം, 2020ലായിരുന്നു ഫ്രഞ്ച് ക്ലബായ ബോര്‍ഡെക്സില്‍ നിന്ന് ചുഅമെനി മൊണോക്കോയിലെത്തിയത്. മൊണോക്കോക്കായി 51 മത്സരങ്ങള്‍ കളിച്ച ചുഅമെനി മൂന്ന് ഗോളുകളാണ് ഇതുവരെ അവർക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.