റാമോസിന്റെ പിഎസ്ജി ട്രാൻസ്ഫർ ഗുണം ചെയ്യുക ചെൽസിക്ക്, കിംപെംബെയെ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു


റയൽ മാഡ്രിഡ് വിട്ട സെർജിയോ റാമോസിനെ പിഎസ്ജി സ്വന്തമാക്കിയത് തിരിച്ചടിയാവുക ഫ്രഞ്ച് ക്ലബിന്റെ പ്രതിരോധതാരമായ പ്രെസ്നൽ കിംപെംബെക്കാണ്. കഴിഞ്ഞ സീസണിൽ നാൽപതോളം മത്സരങ്ങളിൽ പിഎസ്ജിക്കായി ഇറങ്ങി ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയെങ്കിലും മുൻ റയൽ മാഡ്രിഡ് നായകൻ ടീമിലെത്തിയതോടെ ഈ സീസണിൽ താരത്തിന് അതുപോലെ അവസരം ലഭിക്കുക പ്രയാസമാണ്.
പിഎസ്ജിയിൽ അവസരങ്ങൾ കുറയാൻ സാധ്യതയുള്ള ഫ്രഞ്ച് പ്രതിരോധതാരം ക്ലബ് വിടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്. അങ്ങിനെയാണെങ്കിൽ ഒരു ഡിഫെൻഡറെ ടീമിലെത്തിക്കാൻ ആലോചിക്കുന്ന ചെൽസി കിംപെംബെക്കായി ശ്രമം നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ പിഎസ്ജി പരിശീലകനായ തോമസ് ടുഷെൽ താരവുമായുള്ള തന്റെ ബന്ധം ഉപയോഗപ്പെടുത്തിയാണ് കിംപെംബെയെ പ്രീമിയർ ലീഗിലെത്തിക്കാൻ ശ്രമിക്കുന്നത്.
Chelsea are allegedly keeping a close eye on PSG's Presnel Kimpembe as the star's future is in doubt #CFC https://t.co/rZdreP21pR
— talkSPORT (@talkSPORT) July 24, 2021
മുപ്പത്തിയഞ്ചുകാരനായ സെർജിയോ റാമോസിന് ഇനിയെത്ര കാലം മികച്ച പ്രകടനം നടത്താൻ കഴിയുമെന്നറിയില്ലെങ്കിലും താരത്തിന്റെ നേതൃപാടവം എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒന്നാണ്. റയൽ മാഡ്രിഡിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ താരത്തെ യൂറോപ്യൻ കിരീടം ലക്ഷ്യമിട്ടു തന്നെയാണ് പിഎസ്ജി സ്വന്തം ടീമിലെത്തിച്ചത്. എന്നാൽ റാമോസിന് ഇടം നൽകുന്നതിനു വേണ്ടി പിഎസ്ജി ബെഞ്ചിലിരിക്കാൻ കിംപെംബെ ഒരുക്കമല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അടുത്ത സീസണിൽ തനിക്ക് എത്രത്തോളം പരിഗണന ടീമിൽ ലഭിക്കുമെന്ന് അറിഞ്ഞതിനു ശേഷം പിഎസ്ജി വിടുന്നതു സംബന്ധിച്ച് അവസാന തീരുമാനം എടുക്കാനാണ് കിംപെംബെ ഒരുങ്ങുന്നത്. അതേസമയം താരത്തിന്റെ സാഹചര്യം ചെൽസി ശ്രദ്ധാപൂർവം നിരീക്ഷിച്ചു കൊണ്ടിരിക്കയാണ്. പിഎസ്ജി വിടാനുള്ള താൽപര്യം കിംപെംബെ വ്യക്തമാക്കിയാൽ ഉടനെ തന്ന താരത്തെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകൾ ചെൽസി നടത്തുന്നുണ്ട്.