ചെൽസിയുടെ റഡാറിലുള്ളത് അഞ്ചു പ്രതിരോധതാരങ്ങൾ
By Sreejith N

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസി നോട്ടമിടുന്നത് അഞ്ചു പ്രതിരോധതാരങ്ങളെയെന്നു റിപ്പോർട്ടുകൾ. കരാർ അവസാനിച്ച താരങ്ങളായ ആന്ദ്രെസ് ക്രിസ്റ്റൻസെൻ, അന്റോണിയോ റുഡിഗർ എന്നിവർ ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകളിലേക്ക് ചേക്കേറിയതിനാൽ അതിനു പകരം പുതിയ താരങ്ങളെ എത്തിക്കേണ്ടത് അനിവാര്യമായതിനാലാണ് ചെൽസി യൂറോപ്പിലെ പ്രധാന പ്രതിരോധതാരങ്ങളെ നോട്ടമിടുന്നത്.
ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ ആക്കെ, സെവിയ്യ താരം ജൂൾസ് കൂണ്ടെ, യുവന്റസിന്റെ മാത്തിയാസ് ഡി ലൈറ്റ്, പിഎസ്‌ജിയുടെ പ്രെസ്‌നൽ കിംപെംബെ, നാപ്പോളിയുടെ കലിഡു കൂളിബാളി എന്നിവരാണ് ചെൽസിയുടെ ലിസ്റ്റിലുള്ള താരങ്ങൾ. ഇതിൽ നഥാൻ ആക്കെയുമായി ചെൽസി വ്യക്തിഗത കരാറിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആക്കെക്കു പുറമെ ജൂൾസ് കൂണ്ടെയാണ് ചെൽസി സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു താരം. സെവിയ്യ താരത്തിനായി ചെൽസി കഴിഞ്ഞ സമ്മറിലും ശ്രമം നടത്തിയെങ്കിലും അതിൽ വിജയം നേടാൻ അവർക്കു കഴിഞ്ഞിരുന്നില്ല. സെവിയ്യ സ്പോർട്ടിങ് ഡയറക്റ്ററായ മോഞ്ചി കരാർ ചർച്ചകൾക്കു വേണ്ടി ചെൽസിയെ ക്ഷണിക്കുകയും ചെയ്‌തിരുന്നു.
പ്രെസ്‌നൽ കിംപെംബെ, മാത്തിയാസ് ഡി ലൈറ്റ് എന്നിവരിലും ചെൽസിക്ക് താൽപര്യമുണ്ടെങ്കിലും രണ്ടു പേരെയും ടീമിന്റെ ഭാഗമാക്കാൻ അവർക്ക് കഴിഞ്ഞേക്കില്ല. പ്രെസ്‌നൽ കിംപെംബയെ പിഎസ്‌ജിക്ക് വിട്ടുകൊടുക്കാൻ സാധ്യത കുറവാണെന്നിരിക്കെ മാത്തിയാസ് ഡി ലൈറ്റിനായി ബയേൺ മ്യൂണിക്ക് സജീവമായ ശ്രമങ്ങൾ നടത്തുന്നതാണ് ചെൽസിക്ക് ഭീഷണി ഉയർത്തുന്നത്.
ഡി ലൈറ്റിനെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കുന്നത് നാപ്പോളി പ്രതിരോധതാരമായ കൂളിബാളിയെ ടീമിലെത്തിക്കാനുള്ള ചെൽസിയുടെ ശ്രമങ്ങളെയും ബാധിക്കും. കില്ലിനി ക്ലബ് വിട്ടതിനു പുറമെ ഡി ലൈറ്റിനെ കൂടി നഷ്‌ടമായാൽ കൂളിബാളിയെ യുവന്റസ് സ്വന്തമാക്കാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.