Football in Malayalam

ചെൽസി വമ്പൻ ട്രാൻസ്‌ഫറിനൊരുങ്ങുന്നു, ജൂൾസ് കൂണ്ടെയുടെ കൈമാറ്റക്കരാറിനുള്ള ചർച്ചകൾ ആരംഭിച്ചു

Sreejith N
FBL-ESP-CUP-BARCELONA-SEVILLA
FBL-ESP-CUP-BARCELONA-SEVILLA / JOSEP LAGO/Getty Images
facebooktwitterreddit

റാഫേൽ വരാനെയെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം ശക്തിപ്പെടുത്തിയതിനോട് അതെ നാണയത്തിൽ പ്രതികരിക്കാൻ ചെൽസി ഒരുങ്ങുന്നു. യൂറോപ്യൻ ഫുട്ബോളിലെ മികച്ച യുവപ്രതിരോധ താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന സെവിയ്യയുടെ ജൂൾസ് കൂണ്ടെയെ സ്വന്തമാക്കാനുള്ള ചർച്ചകൾ ചെൽസി ആരംഭിച്ചതായി ഗോൾ സ്ഥിരീകരിക്കുന്നു. മറ്റൊരു ഫ്രഞ്ച് താരമായ കുർട് സൂമയെ ഉൾപ്പെടുത്തിയുള്ള കരാറാണ് ചെൽസി ലക്ഷ്യമിടുന്നത്.

2019-20 സീസണിൽ യൂറോപ്പ ലീഗ് സ്വന്തമാക്കിയ സെവിയ്യ ടീമിനൊപ്പം സീസണിൽ മുഴുവൻ മികച്ച പ്രകടനം നടത്തിയതോടെയാണ് യൂറോപ്യൻ ഫുട്ബോളിൽ കൂണ്ടെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. കഴിഞ്ഞ സീസണിൽ സെവിയ്യക്കു വേണ്ടി 33 മത്സരങ്ങളിൽ കളത്തിലിറങ്ങിയ കൂണ്ടെ ടീമിനെ സ്‌പാനിഷ്‌ ലീഗിൽ നാലാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ഫ്രാൻസിന്റെ യൂറോ കപ്പ് ടീമിൽ ഇടം പിടിക്കുകയും ചെയ്‌തിരുന്നു.

2019ൽ ഫ്രഞ്ച് ക്ലബായ ബോർഡെക്സിൽ നിന്നും സെവിയ്യയിലെത്തിയ കൂണ്ടെ ഒരു മോഡേൺ ഡിഫെൻഡറുടെ മാതൃകയായാണ് കണക്കാക്കപ്പെടുന്നത്. പ്രതിരോധത്തിലെ ഉറച്ച സാന്നിധ്യമെന്നതിനു പുറമെ ആക്രമണത്തെ സഹായിക്കാനും കൃത്യതയുള്ള പാസുകൾ മുന്നേറ്റനിരയിലേക്ക് എത്തിക്കാനും താരത്തിന് കഴിയും. സെവിയ്യക്കു വേണ്ടി സെൻട്രൽ ഡിഫെൻഡറായാണ് കളിക്കുന്നതെങ്കിലും യൂറോ കപ്പിൽ ഫ്രാൻസിനു വേണ്ടി ഒരേയൊരു മത്സരത്തിൽ ഇറങ്ങിയ താരം റൈറ്റ് ബാക്കായാണ് കളിച്ചത്.

ചെൽസി പ്രതിരോധത്തിലെ പ്രധാന താരങ്ങളായ അന്റോണിയോ റുഡിഗാർ, ക്രിസ്റ്റിൻസെൻ, എന്നിവരുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ ഇതുവരെയും പൂർത്തിയാവാത്ത സാഹചര്യത്തിലാണ് കൂണ്ടേക്കു വേണ്ടി ചെൽസി ശ്രമം നടത്തുന്നത്. തിയാഗോ സിൽവയുടെ പ്രായം കണക്കാക്കുമ്പോൾ പുതിയൊരു പ്രതിരോധ താരത്തെ ടീമിലെത്തിക്കേണ്ടത് ചെൽസിക്ക് നിർബന്ധവുമാണ്. ചെൽസിയിലേക്ക് ചേക്കേറാൻ കൂണ്ടെക്ക് താല്പര്യവുമുണ്ട്.

റാഫേൽ വരാനെക്കു വേണ്ടി ചെൽസി ശ്രമം നടത്തിയിരുന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കിയതോടെയാണ് കൂണ്ടെയിലേക്ക് ചെൽസി ശ്രദ്ധ തിരിച്ചത്. എന്നാൽ ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിൽ താരത്തെ വിൽക്കില്ലെന്ന നിലപാടാണ് സെവിയ്യയുടേത്. കൂണ്ടെ ട്രാൻസ്‌ഫർ പരാജയപ്പെട്ടാൽ ചെൽസി ബയേൺ താരമായ നികളാസ് സുളേയെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

facebooktwitterreddit