Football in Malayalam

ചെൽസിയുമായുള്ള ആസ്പ്ലികുയറ്റയുടെ പ്രത്യേക ഉടമ്പടി ബാഴ്‌സലോണയുടെ ട്രാൻസ്‌ഫർ മോഹങ്ങൾ അവസാനിപ്പിച്ചേക്കും

Sreejith N
Manchester City v Chelsea - Premier League
Manchester City v Chelsea - Premier League / Visionhaus/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ മെച്ചപ്പെടുത്തിയ ബാഴ്‌സലോണ വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. ടീമിന്റെ റൈറ്റ് ബാക്ക് പൊസിഷൻ കൂടുതൽ ശക്തമാക്കാൻ ഈ സീസണോടെ കരാർ അവസാനിക്കുന്ന ചെൽസി താരമായ സെസാർ ആസ്പ്ലികുയറ്റയെ ഫ്രീ ട്രാൻസ്‌ഫറിൽ ടീമിലെത്തിക്കാനുള്ള പദ്ധതിയും അതിലുൾപ്പെടുന്നു.

എന്നാൽ സ്‌പാനിഷ്‌ താരത്തിന്റെ കരാറിലുള്ള പ്രത്യേക ഉടമ്പടി വെച്ച് ബാഴ്‌സലോണയുടെ മോഹം അവസാനിപ്പിക്കാൻ ചെൽസിക്കു കഴിയുമെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ഈ ഉടമ്പടി പ്രകാരം കരാർ അവസാനിക്കുന്ന ആസ്പ്ലികുയറ്റക്ക് പുതിയ കരാർ നൽകി രണ്ടു വർഷം കൂടി ലണ്ടൻ ക്ലബിനൊപ്പം നിലനിർത്താൻ വേണ്ടി ചെൽസിക്ക് ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയും.

ഈ ഉടമ്പടി ചെൽസി ഉപയോഗിക്കുകയാണെങ്കിൽ 2024 വരെയും കൂടി ആസ്പ്ലികുയറ്റ ക്ലബിനൊപ്പം തുടരും. അതേസമയം നിലവിൽ ടീമിന്റെ നായകനായ സ്‌പാനിഷ്‌ താരം ചെൽസി ഡയറക്റ്ററായ മറീന അടക്കം ക്ലബ് നേതൃത്വത്തിൽ ഉള്ളവരുമായി തന്റെ കരാർ സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തണമെന്ന ആഗ്രഹമറിയിച്ചു കഴിഞ്ഞു. ഈ ചർച്ചകൾ പൂർത്തിയാകുന്നതോടെ താരത്തിന്റെ ഭാവിയെ സംബന്ധിച്ച് തീരുമാനമായേക്കും.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബൊറൂസിയ ഡോർട്മുണ്ട് റൈറ്റ് ബാക്കായ തോമസ് മുനിയറിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയെങ്കിലും താരം അതു നിരാകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ആസ്പ്ലികുയറ്റയെ അടുത്ത സമ്മറിൽ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയത്. ചെൽസി നായകനു പുറമെ ഫ്രീ ഏജന്റാകുന്ന അയാക്‌സ് താരം നൗസെർ മസ്രൂയിയിലും ബാഴ്‌സക്കു താൽപര്യമുണ്ട്.

അതേസമയം ആസ്പ്ലികുയറ്റയും ബാഴ്‌സലോണയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ബാഴ്‌സയുടെയും ചെൽസിയുടെയും മുൻ താരമായ ഫാബ്രിഗാസ് നടത്തിയിരുന്നു. ആസ്പ്ലികുയറ്റക്കു പുറമെ ചെൽസി താരങ്ങളായ ക്രിസ്റ്റിൻസെൻ, അലോൺസോ എന്നിവരിലും ബാഴ്‌സലോണക്കു താൽപര്യമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit