ആസ്പ്ലികുയറ്റ, അലോൺസോ എന്നിവരെ നഷ്ടമായാൽ 96 മില്യൺ മുടക്കി പകരക്കാരെയെത്തിക്കാൻ ചെൽസി


സെസാർ ആസ്പ്ലികുയറ്റ, മാർക്കോസ് അലോൺസോ എന്നീ സ്പാനിഷ് താരങ്ങളെ നഷ്ടമായാൽ 96 മില്യൺ യൂറോ മുടക്കി പകരക്കാരെ എത്തിക്കാൻ ചെൽസി ഒരുങ്ങുന്നു. ഈ രണ്ടു താരങ്ങളും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലേക്ക് ചേക്കേറാനുള്ള സാധ്യത വർധിച്ചതോടെയാണ് ചെൽസി പകരക്കാരെ കണ്ടെത്തിയത്.
ടുട്ടോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ സെന്റർ ബാക്കായ മിലൻ സ്ക്രിനിയർ, അവരുടെ തന്നെ വിങ്ബാക്കായ ഡെൻസിൽ ഡാംഫ്രെയ്സ് എന്നിവരെയാണ് ചെൽസി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഈ രണ്ടു താരങ്ങൾക്കും വേണ്ടി 96 മില്യൺ യൂറോ ചെൽസി മുടക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ സ്ക്രിനിയറെ സ്വന്തമാക്കാൻ ചെൽസി വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്നതിൽ സംശയമില്ല. ഒരു സെന്റർ ബാക്കിനെ ടീമിലെത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന പിഎസ്ജി സ്ലോവേനിയൻ താരത്തിനായി രംഗത്തുണ്ട്. അറുപതു മില്യൺ യൂറോ വരെ ഫ്രഞ്ച് ക്ലബ് സ്ക്രിനിയർക്കായി ഓഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഡാംഫ്രെയ്സിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ചെൽസിക്ക് അലോൻസോയുടെ വിടവ് നികത്താൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ സീസണിൽ അഞ്ചു ഗോളുകളും ഏഴ് അസിസ്റ്റും ഇന്ററിനായി നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ 45 മില്യൺ യൂറോ താരത്തിനായി ചെൽസി ചിലവഴിക്കേണ്ടി വരും.