ജൂൾസ് കൂണ്ടെക്ക് സെവിയ്യ ആവശ്യപ്പെടുന്ന തുകയിലേക്ക് ഓഫർ ഉയർത്തി ചെൽസി


ചെൽസി ഏറെക്കാലമായി താത്പര്യം പ്രകടിപ്പിക്കുന്ന പ്രതിരോധതാരമാണ് സെവിയ്യയുടെ ജൂൾസ് കൂണ്ടെ. യുവന്റസ് താരമായിരുന്ന മാത്തിജ്സ് ഡി ലൈറ്റിലും ചെൽസി താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും താരം ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയതോടെ ജൂൾസ് കൂണ്ടേക്കായി ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് നീലപ്പട.
കൂണ്ടേക്കായി സെവിയ്യ ആവശ്യപ്പെടുന്ന തുകയിലേക്ക് ചെൽസി പുതിയ ഓഫർ ഉയർത്തിയതായി 90min മനസിലാക്കുന്നു. താരത്തിനായി ചെൽസി 55 മില്യൺ യൂറോയുടെ ഓഫർ സമർപ്പിച്ചിരുന്നുവെന്ന് 90min റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് സെവിയ്യ ആവശ്യപ്പെടുന്ന തുകയിൽ നിന്നും 10 മില്യൺ യൂറോയുടെ കുറവുണ്ടായിരുന്നു.
എന്നാൽ സെവിയ്യയുമായി ചർച്ചകൾ തുടർന്ന ചെൽസി ഏറ്റവും പുതിയ ഓഫർ 10 മില്യൺ യൂറോയുടെ ആഡ് ഓൺസടക്കം 65 മില്യൺ യൂറോ ആയി ഉയർത്തിയെന്ന് 90min മനസിലാക്കുന്നു. ആ ഓഫർ സെവിയ്യയുടെ സ്പോർട്ടിങ് ഡയറക്ടർ മോഞ്ചി സ്വീകരിച്ചിട്ടുമുണ്ട്.
മാസങ്ങൾക്കു മുൻപു തന്നെ വ്യക്തിഗതനിബന്ധനകൾ അംഗീകരിച്ച താരത്തിന്റെ ചെൽസിയിലേക്കുള്ള നീക്കത്തിനു മോഞ്ചിയും സമ്മതമറിയിച്ചിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ ഡീൽ പൂർത്തീകരിക്കാനാകുമെന്ന് ചെൽസിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 12 മാസമായി ചെൽസി ലക്ഷ്യമിട്ടിരിക്കുന്ന താരത്തിനായി ബാഴ്സലോണയും സെവിയ്യക്ക് പിന്നാലെ ട്രാൻസ്ഫർ വിപണിയിലുണ്ട്. എന്നിരുന്നാലും ഇതുവരെ താരത്തിനായി ഒരു ഉറച്ച ഓഫർ സമർപ്പിക്കാൻ ബാഴ്സലോണക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. അതു കൊണ്ടു തന്നെ കൂണ്ടെ ട്രാൻസ്ഫർ അധികം വൈകാതെ തന്നെ പൂർത്തീകരിക്കാനാകുമെന്ന് ചെൽസി വിശ്വസിക്കുന്നു.
കൂണ്ടെക്ക് ബാഴ്സയിലേക്ക് ചേക്കേറാനാണ് ആഗ്രഹമെന്ന് കറ്റാലൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ലണ്ടൻ ക്ലബ്ബിലേക്ക് ചേക്കേറാനും താരത്തിനു താത്പര്യകുറവൊന്നുമില്ലെന്ന് 90min മനസിലാക്കുന്നു. അധികം വൈകാതെ തന്നെ താരത്തെ യുഎസ് പ്രീസീസൺ ടൂറിൽ ഉൾപ്പെടുത്താനാകുമെന്ന് ചെൽസി വിശ്വസിക്കുന്നു. കാലിഡൂ കൂലിബാലി ട്രാൻസ്ഫർ പൂർത്തീകരിച്ച ചെൽസി പ്രതിരോധത്തിലേക്ക് കൂണ്ടെക്കൊപ്പം പിഎസ്ജിയുടെ പ്രിസ്നെൽ കിംപെമ്പെയിലും വിയ്യാറയലിന്റെ പൗ ടോറസിലും ലെയ്പ്സിഗിന്റെ ജോസ്കോ ഗ്വാർഡിയോളിലും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.