ആന്റണിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിയോട് മാഞ്ചസ്റ്റർ യുണൈറ്റഡിന് മത്സരിക്കേണ്ടി വന്നേക്കും
By Vaisakh. M

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യങ്ങളിലൊന്നായ അയാക്‌സിന്റെ ബ്രസീലിയൻ വിംഗർ ആന്റണിയുടെ പ്രതിനിധികളുമായി അടുത്തിടെ ചർച്ച നടത്തിയവരിൽ ചെൽസിയും ഉൾപ്പെടുന്നുവെന്ന് 90min മനസ്സിലാക്കുന്നു.
കഴിഞ്ഞ സീസണിൽ അയാക്സിനായി 32 മത്സരങ്ങളിൽ കളിച്ച താരം 12 ഗോളുകളും 10 അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അയാക്സിൽ ആന്റണിയെ പരിശീലിപ്പിച്ച എറിക് ടെൻ ഹാഗാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ. ഈ സമ്മർ ട്രാൻസ്ഫറിലെ റെഡ് ഡെവിൾസിന്റെ ആക്രമണനിരയിലേക്കുള്ള പ്രധാന ലക്ഷ്യമാണ് ഈ 22കാരനെന്ന് കഴിഞ്ഞയാഴ്ച 90min വെളിപ്പെടുത്തിയിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് താരത്തിന്റെ ഏജന്റുമാർ ഇംഗ്ലണ്ടിലായിരുന്നപ്പോൾ ഇക്കാര്യത്തിൽ ട്രാൻസ്ഫർ ചർച്ചകൾ നടത്തിയിരുന്നു.
എന്നിരുന്നാലും, താരത്തെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിയോട് യുണൈറ്റഡിന് മത്സരിക്കേണ്ടി വന്നേക്കും. അടുത്തിടെ ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ ചെൽസിയുടെ പ്രതിനിധികളും ആന്റണിയുടെ ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്തിയതായി സ്രോതസ്സുകൾ 90minനോട് പറഞ്ഞു.
തങ്ങളുടെ ആക്രമണനിര ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ചെൽസിയുടെ, ആന്റണിയുടെ ഭാവി സംബന്ധിച്ചുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ആന്റണിക്ക് പുറമെ, മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്ങും, ബാഴ്‌സലോണ താരം ഒസ്മാനെ ഡെംബലെയും ചെൽസിയുടെ ട്രാൻസ്ഫർ ലക്ഷ്യങ്ങളാണ്.