Football in Malayalam

ഹാരി കെയിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മുൻ തൂക്കം ചെൽസിക്കെന്ന് സൂചന

Gokul Manthara
FBL-ENG-LCUP-TOTTENHAM-CHELSEA
FBL-ENG-LCUP-TOTTENHAM-CHELSEA / MATT DUNHAM/Getty Images
facebooktwitterreddit

ടോട്ടൻഹാം ഹോട്സ്പറിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയിൻ ഈ സമ്മറിൽ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള സൂചനകൾ കഴിഞ്ഞ സീസൺ അവസാനിച്ചത് മുതൽ ശക്തമാണ്‌. നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാനാണ് കൂടുതൽ സാധ്യതകളെന്നായിരുന്നു സമ്മർ ട്രാൻസ്ഫർ ജാലകം ആരംഭിച്ചത് മുതൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഹാരി കെയിനായി വമ്പൻ ഓഫർ സിറ്റി ക്ലബ്ബ് നൽകാനൊരുങ്ങുന്നതായും വാർത്തകൾ വന്നു.

എന്നാൽ ഇപ്പോളിതാ ഹാരി കെയിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നൽകിയ 100 മില്ല്യൺ പൗണ്ടിന്റെ ഓഫർ നിരസിക്കപ്പെട്ടതായും ഇതിനിടെ താരത്തെ ടീമിലെത്തിക്കാൻ വ്യത്യസ്തമായ പാക്കേജുമായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി രംഗത്തെത്തിയതായും വാർത്തകൾ വന്നിരിക്കുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്ക് പുറത്ത് വിടുന്ന റിപ്പോർട്ട് അനുസരിച്ച് ഹാരി കെയിനെ ടീമിലെത്തിക്കാൻ പ്ലെയർ പ്ലസ് കാഷ് ഡീലാണ് ചെൽസി, ടോട്ടനത്തിന് സമർപ്പിക്കാനൊരുങ്ങുന്നത്.

കെയിനെ ഒപ്പമെത്തിക്കാ‌ൻ പണത്തോടൊപ്പം ടമി എബ്രഹാം, കല്ലം ഹഡ്സൺ ഒഡോയ് ഒഡോയ് എന്നിവരിൽ ആരെയെങ്കിലും ടോട്ടനത്തിന് നൽകാനാണ് ചെൽസി താല്പര്യപ്പെടുകയെന്നാണ് അവരുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത്തരമൊരു വ്യത്യസ്തമായ പാക്കേജുമായി എത്തിയിരിക്കുന്നത് കൊണ്ടു തന്നെ കെയിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മുൻ തൂക്കം ചെൽസി നേടിയതായും അത്ലറ്റിക്ക് പറയുന്നു.

അതേ സമയം നിലവിൽ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളാണ് ഹാരി കെയിൻ. 2009 ൽ ടോട്ടൻഹാം ഹോട്സ്പറിലൂടെ തന്റെ സീനിയർ കരിയർ തുടങ്ങിയ ഈ ഇരുപത്തിയേഴുകാരൻ ക്ലബ്ബ് കരിയറിൽ ഇതു വരെ കളിച്ച 415 മത്സരങ്ങളിൽ 248 ഗോളുകൾ നേടിയതിനൊപ്പം 63 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്‌.

facebooktwitterreddit