Football in Malayalam

റോമൻ അബ്രമോവിച്ചിനെതിരെ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നടപടിയുണ്ടായാൽ ചെൽസി തകർച്ചയിലേക്ക് നീങ്ങും

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / Marc Atkins/GettyImages
facebooktwitterreddit

ചെൽസി ഉടമയായ റോമൻ അബ്രമോവിച്ചിനെതിരെ നടപടി സ്വീകരിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനമെടുത്താൽ ചെൽസി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ ധനകാര്യവിദഗ്ദന്റെ മുന്നറിയിപ്പ്. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനു മറുപടിയായി ചെൽസി ഉടമയായ അബ്രോമോവിച്ചിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതിന് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ മന്ത്രിമാരിൽ നിന്നും പാർലമെന്ററി ഉദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദത്തിനു വിധേയമാകുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

2019ൽ തന്നെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അബ്രോമോവിച്ച് ശ്രദ്ധ പിടിച്ചു പറ്റിയതാണ്. പുട്ടിനുമായി അടുത്ത ബന്ധമുള്ളവരുടെ മേൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും അതിൽ ഉൾപ്പെടുന്ന അബ്രമോവിച്ചിനെതിരെ ഇതുവരെയും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ അതുണ്ടായാൽ അബ്രോമോവിച്ചിനെയും ചെൽസിയുടെ മുന്നോട്ടു പോക്കിനെയും അതു ബാധിക്കുമെന്നാണ് ലിവർപൂൾ യൂണിവേഴ്‌സിറ്റിയിലെ ഫുട്ബോൾ ഫിനാൻസ് ലക്‌ചററായ കീറാൻ മഗ്വയർ പറയുന്നത്.

പുട്ടിന്റെ പ്രവർത്തനങ്ങൾക്ക് താൻ ബലിയാടായി മാറുകയാണെന്ന് തോന്നി അബ്രോമോവിച്ച് ലോൺ എടുക്കാൻ ശ്രമിക്കുമെന്നും അതു വഴി ചെൽസി ഫുട്ബോൾ ക്ലബിന്റെ തകർച്ചക്ക് കാരണം ഇംഗ്ലീഷ് ഗവർണമെന്റാണെന്ന് അവർക്ക് വാദിക്കാൻ കഴിയുമെന്നും അത് യുകെ സർക്കാരിന് പ്രതിസന്ധിയാണെന്നും മഗ്വയർ പറയുന്നു. ബ്രിട്ടീഷ് ഗവണ്മെന്റ് ഈ വഴിയേ പോയാൽ കുറ്റപ്പെടുത്തലുകൾ ഒരുപാട് ഉണ്ടായേക്കുമെന്നും ഫുട്ബോൾ ആരാധകർക്കു വിഷമം വരുന്ന കാര്യങ്ങൾ സർക്കാർ ചെയ്യില്ലെന്നും പറഞ്ഞ മഗ്വയർ സാധ്യമായ എല്ലാ ഓപ്‌ഷനുകളും ചെൽസിയുടെ നിയമവിഭാഗം നോക്കാനിടയുണ്ടെന്നും കൂട്ടിച്ചേർത്തു.

സർക്കാർ സ്വത്തുക്കൾ കണ്ടു കെട്ടി ചെൽസിയെ പിടിച്ചെടുത്താൽ അത് അബ്രമോവിച്ചിനെ സംബന്ധിച്ച് അവസാനത്തെ ആണി ആയിരിക്കുമെന്നു പറഞ്ഞ ഷെഫീൽഡ് യൂണിവേഴ്‌സിറ്റി ഫിനാൻസ് വിഭാഗം ലക്ച്ചർ ഡോ. റോബ് വിൽസൺ ഈ വിശകലനത്തെ ശരിവെക്കുകയും ചെയ്‌തു. അബ്രമോവിച്ച് അതോടെ ക്ലബിൽ നിന്നും പുറത്തുപോകാൻ ശ്രമിച്ചാൽ അത് ക്ലബിൽ വലിയ പ്രശ്‌നം സൃഷ്‌ടിക്കുമെന്നും രണ്ടു ബില്യൺ പൗണ്ട് കൊടുത്ത് ചെൽസിയെ ആരും വാങ്ങാൻ തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ചെൽസിയെ വാങ്ങാൻ താൽപര്യമുള്ളവർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന സൂചനകൾ ചെൽസി പരിശീലകൻ തോമസ് ടുഷെലും പറഞ്ഞിരുന്നു. കളിക്കാരടക്കം എല്ലാവർക്കും ക്ലബിലെ സാഹചര്യങ്ങളിൽ ഉത്കണ്ഠ നിലനിൽക്കുന്നുണ്ടെന്ന് ഞായറാഴ്‌ച നടക്കാനിരിക്കുന്ന കറബാവോ കപ്പ് ഫൈനലിനു മുന്നോടിയായാണ് ജർമൻ പരിശീലകൻ പറഞ്ഞത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit