Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനായി നീക്കം നടത്തുന്നത് ചെൽസി പരിഗണിക്കുന്നു

By 90min Staff
Ronaldo has one year left on his current Man Utd contract
Ronaldo has one year left on his current Man Utd contract / Clive Rose/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി ട്രാൻസ്ഫർ നീക്കം നടത്തുന്നത് പ്രീമിയർ ലീഗ് എതിരാളികളായ ചെൽസി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഇംഗ്ലീഷ് മാധ്യമമായ ദി അത്‌ലറ്റിക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

തനിക്ക് വേണ്ടി അനുയോജ്യമായ ഓഫർ വന്നാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി നേരത്തെ 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ കൂടി റൊണാൾഡോക്ക് ബാക്കിയുണ്ട്.

റൊണാൾഡോയെ സ്വന്തമാക്കാനായി ആരും ഇത് വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമീപിച്ചിട്ടില്ലെങ്കിലും, താരത്തിനായി നീക്കം നടത്തുന്നത് ചെൽസിയുടെ പരിഗണനയിൽ ഉള്ള കാര്യമാണെന്ന് ദി അത്ലറ്റിക്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചെൽസിയുടെ പുതിയ സഹഉടമയായ ടോഡ് ബോഹ്‍ലി, റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസുമായി കഴിഞ്ഞ മാസം ഒരു മീറ്റിങ് നടത്തിയിരുന്നു. റൊണാൾഡോ ചെൽസിയിലേക്ക് ചേക്കേറുന്നതും ആ മീറ്റിങ്ങിലെ ഒരു ചർച്ചാവിഷയമായിരുന്നു. ബോഹ്‍ലിയും മെൻഡസും തമ്മിലുള്ള ചർച്ചകൾ അതിന് ശേഷം തുടർന്നതായും, റൊണാൾഡോയെ ടീമിലെത്തിക്കുന്നതിൽ ബോഹ്‍ലിയും ചെൽസിയുടെ മറ്റൊരു ഡയറക്ടർ ആയ ബെഹ്‌ദാദ് എഗ്‌ബാലിയും ആകൃഷ്ടരാണെന്നും ദി അത്ലറ്റിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

റൊണാൾഡോക്ക് വേണ്ടി ചെൽസി നീക്കം നടത്തുമോ ഇല്ലയോ എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാമ്പത്തികം നീക്കത്തിന് ഒരു തടസമാകാൻ സാധ്യതയില്ലെങ്കിലും, താരത്തെ ടീമിലെത്തിക്കുന്നതിനെ കുറിച്ച് പരിശീലകൻ തോമസ് ട്യുഷേലിന്റെ അഭിപ്രായം നിർണായകമാകും.

അതേ സമയം, റൊണാൾഡോയെ വിൽക്കാനില്ലെന്നും, താരം ക്ലബിൽ തുടരുമെന്ന നിലപാടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. ആ നിലപാടിൽ മാറ്റം വരുമോ എന്ന് നിലവിൽ വ്യക്തമല്ല. താരത്തെ വിൽക്കാൻ യുണൈറ്റഡ് തയ്യാറായാൽ തന്നെ, തങ്ങളുടെ പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിക്ക് താരത്തെ വിൽക്കാൻ യുണൈറ്റഡ് തയ്യാറാകുമോ എന്നും വ്യക്തമല്ല.

എന്തായാലും, റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യത തള്ളിക്കളയാത്ത ചെൽസി നേതൃത്വം, താരത്തിന്റെ ഭാവി സംബന്ധിച്ചുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നാണ് പറയപ്പെടുന്നത്.


facebooktwitterreddit