അബ്രമോവിച്ച് യുഗം അവസാനിച്ചു, ചെൽസിക്ക് ഇനി പുതിയ ഉടമകൾ


ചെൽസിക്ക് സുവർണ കാലഘട്ടം സമ്മാനിച്ച ഉടമയായ റോമൻ അബ്രമോവിച്ചിന്റെ കാലഘട്ടത്തിന് അവസാനം. ബ്രിട്ടീഷ് ഗവണ്മെന്റ് ഏർപ്പെടുത്തിയ വിലക്കുകൾ കാരണം ക്ലബിന്റെ ഉടമസ്ഥാവകാശം ഒഴിയേണ്ടി വന്ന അബ്രമോവിച്ചിനു പകരം ചെൽസിയെ പുതിയ ഉടമകൾ ഏറ്റെടുത്തു. ക്ലബിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ടു ധാരണയിൽ എത്തിയതായി ചെൽസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ക്ലിയർലെക്ക് ക്യാപിറ്റലിന്റെ ടോഡ് ബോഹ്ലിക്കു പുറമെ ഗുഗ്ഗൻഹീം പാർട്നെർസ് ഉടമയായ മാർക്ക് വാൾട്ടർ, സ്വിസ് ബിസിനസ്സ്മാനായ ഹാൻസിയോർഗ് വൈസ് എന്നിവർ ഉൾപ്പെടുന്ന കൺസോർഷ്യമാണ് ചെൽസിയുടെ പുതിയ ഉടമകളായി വരുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെയും പ്രീമിയർ ലീഗിന്റെയും അനുമതി ലഭിച്ച് ഈ മാസാവസാനത്തോടെ ക്ലബിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Los Angeles Dodgers, Lakers and Sparks part-owner Todd Boehly has signed an agreement to buy Chelsea for up to $4.9 billion, reports @Matt_Law_DT
— B/R Football (@brfootball) May 6, 2022
Boehly and his consortium now await approval from the UK government and the Premier League. pic.twitter.com/g6eS5HnBFZ
അബ്രമോവിച്ചിന്റെ ഷെയറുകൾ വാങ്ങുന്നതിനായി നൽകുന്ന 2.5 ബില്യൺ പൗണ്ടിനു പുറമെ 1.75 ബില്യൺ പൗണ്ട് ക്ലബിൽ നിക്ഷേപം നടത്തുമെന്ന് പുതിയ ഉടമകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നിക്ഷേപം ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജ്, ക്ലബിന്റെ അക്കാദമി, വനിതാ ടീം, കിങ്സ്മീഡോ എന്നിവയിൽ ചിലവഴിക്കും. ഇതിനു പുറമെ ചെൽസി ഫൗണ്ടേഷനുള്ള ഫണ്ടിങ്ങും തുടരും.
അബ്രമോവിച്ചിന്റെ താൽപര്യം കൂടി മുൻനിർത്തിയാണ് ക്ലബിന്റെ ഉടമസ്ഥാവകാശം ബോഹ്ലിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനു കൈമാറിയത്. ബേസ്ബോൾ ടീമായ ലോസ് ഏഞ്ചൽസ് ഡോജേഴ്സ്, ബാസ്കറ്റ്ബോൾ ടീമായ ലോസ് ഏഞ്ചൽസ് ലെക്കേഴ്സ്, വനിതാ ബാസ്കറ്റ്ബോൾ ടീമായ ലോസ് ഏഞ്ചൽസ് സ്പാർക്ക്സ് എന്നിവയുടെ ഉടമസ്ഥാവകാശത്തിൽ ബോഹ്ലിക്ക് പങ്കാളിത്തമുണ്ട്.
ചെൽസിക്ക് പുതിയ ഉടമകൾ എത്തുന്നതോടെ ക്ലബ്ബിനെ ഏറ്റവും മികച്ച കാലഘട്ടത്തിലേക്ക് നയിച്ച ഉടമയാണ് ക്ലബിനോട് വിട പറയുന്നത്. അബ്രമോവിച്ചിനു കീഴിൽ അഞ്ചു പ്രീമിയർ ലീഗും, രണ്ടു ചാമ്പ്യൻസ് ലീഗും അഞ്ച് എഫ്എ കപ്പും രണ്ട് ലീഗ് കപ്പും രണ്ട് കമ്മ്യൂണിറ്റി ഷീൽഡും രണ്ട് യൂറോപ്പ ലീഗും ഒരു യുവേഫ സൂപ്പർകപ്പും ഒരു ക്ലബ് ലോകകപ്പും ചെൽസി നേടി. അബ്രമോവിച്ച് കാലഘട്ടത്തിൽ മറ്റൊരു ഇംഗ്ലീഷ് ക്ലബും ഇത്രയധികം കിരീടങ്ങൾ സ്വന്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.