Transfers

റഹീം സ്റ്റെര്‍ലിങ് ഇനി ചെല്‍സിയുടെ താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു

Haroon Rasheed
Chelsea have confirmed signing Raheem Sterling from Man City
Chelsea have confirmed signing Raheem Sterling from Man City / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് താരമായിരുന്ന റഹീം സ്റ്റെര്‍ലിങ് ഇനി ചെല്‍സിയുടെ താരം. അഞ്ചു വര്‍ഷത്തെ കരാറിലാണ് ഇംഗ്ലീഷ് താരത്തെ ചെല്‍സി സ്വന്തമാക്കിയിരിക്കുന്നത്. 50 മില്യൺ പൗണ്ടും താരത്തിനായി ചെല്‍സി ചിലവഴിച്ചിട്ടുണ്ട്. സിറ്റിയില്‍ ഒരു വര്‍ഷം കൂടി സ്റ്റെര്‍ലിങ്ങിന് കരാര്‍ ബാക്കിയുണ്ടെങ്കിലും താരം ക്ലബ് വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.

അവസാന സീസണില്‍ പല സമയത്തും ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന സ്റ്റെര്‍ലിങ് ആദ്യ ഇലവനില്‍ സ്ഥിരമായി ടീമില്‍ ഇടം നേടാന്‍ വേണ്ടിയാണ് ചെല്‍സിയിലേക്ക് ചേക്കേറിയത്. താരനിബിഢമായ ഇംഗ്ലീഷ് ടീമില്‍ ഖത്തര്‍ ലോകകപ്പിന് ഇടം ലഭിക്കണമെങ്കില്‍ ഫോം കണ്ടെത്തുക എന്നത് കൂടി താരത്തിന്റെ ക്ലബ് മാറ്റത്തിന്റെ പിറകിലുണ്ടെന്നാണ് റിപ്പോര്‍ട്ടകുള്‍ സൂചിപ്പിക്കുന്നത്.

ഏഴ് സീസണുകളോളം സിറ്റിയുടെ മുന്നേറ്റത്തില്‍ മിന്നും പ്രകടനം പുറത്തെടുത്താണ് താരം ക്ലബ് വിടുന്നത്. 27കാരനായ താരത്തിന്റെ ചെല്‍സിയിലെ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രീ സീസണ്‍ പരിശീലനത്തിനും മത്സരത്തിനുമായി ചെല്‍സി ടീം ഇപ്പോള്‍ ഫ്‌ളോറിഡയിലാണുള്ളത്. ഉടന്‍ തന്നെ സ്റ്റെര്‍ലിങ് ബ്ലൂസിനൊപ്പം ചേരുമെന്നാണ് വിവരം.

"ലണ്ടന്‍ എന്റെ വീടാണ്. എന്റെ എല്ലാം ആരംഭിച്ച സ്ഥലമാണ്. എനിക്ക് ഇപ്പോള്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും മുന്നില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ കളിക്കാനുള്ള അവസരം ലഭിച്ചത് അതിശയകരമാണ്. ഉടന്‍ തന്നെ ആരാധകരെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്," ചെല്‍സിയുമായി കരാറിലെത്തിയതിന് ശേഷം സ്റ്റെര്‍ലിങ് പറഞ്ഞു.

നേരത്തെ, മാഞ്ചസ്റ്റർ സിറ്റി ആരാധകരോട് വിടപറഞ്ഞ് കൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പ് താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു. "ഏഴ് സീസണുകള്‍. 11 പ്രധാന കിരീടങ്ങള്‍, ജീവിതം കാലം മുഴുവനുമുള്ള ഓര്‍മകള്‍. എന്റെ യാത്ര മികച്ചതായിരുന്നു. എന്റെ ശക്തിയും നിശ്ചയധാര്‍ഢ്യവും പരീക്ഷിക്കാനും എന്നെ മികച്ച താരമാക്കാനും സിറ്റിക്ക് കഴിഞ്ഞു. എന്റെ ഉയര്‍ച്ച താഴ്ച്ചകളില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഞാന്‍ 20 വയസുള്ളപ്പോള്‍ യുവാവായാണ് സിറ്റിയിലെത്തിയത്. ഇപ്പോള്‍ വലിയ മനുഷ്യനായിട്ടാണ് ക്ലബ് വിടുന്നത്. നിങ്ങളുടെ പിന്തുണക്ക് നന്ദി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സി ധരിക്കുന്നത് എന്നും ബഹുമതിയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു," താരം കുറിച്ചു.

facebooktwitterreddit