"ഇതിനാണ് ലുക്കാക്കുവിനെ സ്വന്തമാക്കിയത്"- ബെൽജിയൻ സ്ട്രൈക്കറെ പ്രശംസ കൊണ്ടു മൂടി ചെൽസി പരിശീലകൻ


സെനിത് പീറ്റേഴ്സ്ബർഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടി ചെൽസിയെ വിജയത്തിലേക്കു നയിച്ച റൊമേലു ലുക്കാക്കുവിനെ പ്രശംസിച്ച് പരിശീലകൻ തോമസ് ടുഷെൽ. അറുപത്തിയൊമ്പതാം മിനുട്ടിൽ ബെൽജിയൻ താരം നേടിയ ഗോളിലൂടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിനു വിജയത്തുടക്കം കുറിക്കാൻ നിലവിലെ ചാമ്പ്യന്മാർക്കു കഴിഞ്ഞിരുന്നു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ഇന്റർ മിലാനിൽ നിന്നും ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറിയത്. അതിനു ശേഷം നാല് മത്സരങ്ങളിൽ നിന്നും നാല് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരത്തെ എന്തിനു വേണ്ടിയാണോ ടീമിലെത്തിച്ചത്, ആ പ്രവൃത്തി കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് ടുഷെൽ പറയുന്നത്.
Romelu Lukaku got the job done for Chelsea as they started off their #UCL defence with a 1-0 win over Zenit at Stamford Bridge ✅?
— Sky Sports (@SkySports) September 14, 2021
"കൃത്യമായ സമയത്ത് ആസ്പ്ലികുയറ്റ നൽകിയ ക്രോസിൽ നിന്നും വളരെ മികവുറ്റ ഹെഡറിലൂടെയാണ് ലുക്കാക്കു ഗോൾ നേടിയത്. ബോക്സിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും താരം ബുദ്ധിപരമായാണ് മുന്നോട്ടു വന്നത്. അതിനാണ് ലുക്കാക്കു ഇവിടെയുള്ളത്. ഗോളുകൾ നേടാൻ ഇഷ്ടപ്പെടുന്ന താരം ഞങ്ങൾക്ക് നിർണായകമായിരിക്കും." സ്പോർട്ടിനോട് ടുഷെൽ പറഞ്ഞു.
അതേസമയം തന്റെ ഗോളിനെക്കുറിച്ച് ബിടി സ്പോർട്ടിനോട് ലുക്കാക്കു പറഞ്ഞത് ഇങ്ങിനെയായിരുന്നു. "മൈതാനത്ത് ഞാനും സെസറും തമ്മിൽ ധാരണയിലെത്തി ചില നീക്കങ്ങളുണ്ട്. എനിക്കെന്റെ ടൈമിംഗ് ശരിയാക്കണം, പക്ഷെ അദ്ദേഹം നൽകിയ ബോൾ മനോഹരമായിരുന്നു. കടുപ്പമേറിയ മത്സരമാകും എന്നറിയാമായിരുന്നു എങ്കിലും ഞങ്ങൾ അതിനെ മനോഹരമായി നിയന്ത്രിച്ചു."
കഴിഞ്ഞ സീസണിൽ മികച്ചൊരു സ്ട്രൈക്കറുടെ അഭാവം ഉണ്ടായിട്ടും ടുഷെൽ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം തകർപ്പൻ പ്രകടനം നടത്തി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസി ലുക്കാക്കു കൂടി ടീമിലെത്തിയതോടെ കൂടുതൽ കരുത്തരായി മാറിയിട്ടുണ്ട്. കൂടുതൽ വിജയങ്ങൾ നേടുകയാണ് തന്റെ ലക്ഷ്യമെന്നും ടോട്ടനത്തിനെതിരായ അടുത്ത മത്സരമാണ് മുന്നിലുള്ളതെന്നും താരം പറഞ്ഞു.