Chelsea News

ഗോളടിക്കാൻ ബുദ്ധിമുട്ടുമ്പോഴും ചെൽസി പരിശീലകന്റെ പ്രശംസയേറ്റു വാങ്ങി ടിമോ വെർണർ

Sreejith N
Manchester City v Chelsea - Premier League
Manchester City v Chelsea - Premier League / Pool/Getty Images
facebooktwitterreddit

ആർബി ലീപ്‌സിഗിൽ നിന്നും ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിലേക്ക് ചേക്കേറിയ ടിമോ വെർണർക്ക് തന്റെ ഫോമിന്റെ അടുത്തെത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ടീമിലെ സ്ഥിരസാന്നിധ്യം തന്നെയാണ്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിലും ഗോൾ നേടിയില്ലെങ്കിലും മത്സരത്തിനു ശേഷം പരിശീലകൻ ടുഷെൽ പ്രശംസിച്ചത് ജർമൻ താരത്തെയായിരുന്നു.

കഴിഞ്ഞ സീസണിൽ ജർമൻ ലീഗിൽ മാത്രം 34 ഗോളുകൾ അടിച്ചുകൂട്ടിയ വെർണർ ഈ സീസണിലിതുവരെ എല്ലാ മത്സരങ്ങളിൽ നിന്നുമായി നേടിയിരിക്കുന്നത് 12 ഗോളുകളാണ്. എന്നാൽ ഗോളുകൾ കൊണ്ട് മാത്രം താരത്തെ വിലയിരുത്താൻ കഴിയില്ലെന്നും മൈതാനത്ത് നായയെ പോലെ കഠിനമായി പണിയെടുക്കുന്ന വെർണർ ടീമിന് അവിഭാജ്യഘടകമാണെന്നാണ് ടുഷെൽ പറയുന്നത്.

"കഴിഞ്ഞയാഴ്‌ച താരം സാഹചര്യങ്ങളുമായി വളരെപ്പെട്ടന്ന് ഇണങ്ങിച്ചേർന്നിരുന്നു. യാതൊരു ഇടവേളകളുമില്ലാതെയാണ് വെർണർ പണിയെടുക്കുക. അദ്ദേഹത്തിനത് ആവശ്യമാണ്, അതുകൊണ്ടു തന്നെ വെർണറുടെ പ്രകടനത്തിൽ ഞാൻ തൃപ്തനാണ്. ഒരു നായയെപ്പോലെയാണ് വെർണർ കഠിനാധ്വാനം ചെയ്‌തിരുന്നത്‌. മികച്ച റണ്ണുകളിലൂടെ താരം അവരെ ബുദ്ധിമുട്ടിച്ചിരുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ടുഷെൽ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ഹക്കിം സിയച്ചും മാർകോ അലോൻസോയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ പിന്നിൽ നിന്നതിനു ശേഷം രണ്ടാം പകുതിയിൽ നടത്തിയ പ്രതികരണം വളരെ മികച്ചതായിരുന്നു എന്നും ഹാഫ് ടൈമിന് മുൻപ് മത്സരം നഷ്ടപ്പെടുമെന്ന സാഹചര്യം വരെയുണ്ടായിരുന്നു എന്നും ജർമൻ പരിശീലകൻ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിച്ച കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ചെൽസിയാണ് വിജയം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടാൻ ഒരുങ്ങി നിൽക്കെ ടുഷെലിനു ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് ഈ വിജയങ്ങൾ.

facebooktwitterreddit