Football in Malayalam

'ഈ മത്സരം വിജയിച്ചാൽ ആരും കിരീടം നൽകില്ല' - വെസ്റ്റ് ഹാമിനെതിരായ തോൽ‌വിയിൽ പ്രതികരിച്ച് തോമസ് ടുഷെൽ

Sreejith N
West Ham United v Chelsea - Premier League
West Ham United v Chelsea - Premier League / Julian Finney/GettyImages
facebooktwitterreddit

വമ്പൻ ഫോമിൽ കുതിച്ചു കൊണ്ടിരുന്ന ചെൽസി വെസ്റ്റ് ഹാമുമായി നടന്ന ലീഗ് മത്സരത്തിൽ തോൽവി വഴങ്ങിയതിൽ പ്രതികരിച്ച് പരിശീലകൻ തോമസ് ടുഷെൽ. മത്സരം വിജയിച്ചാൽ ആർക്കും കിരീടമൊന്നും ലഭിക്കില്ലെന്നതു കൊണ്ട് തോൽ‌വിയിൽ ആശങ്കയില്ലെന്നും എന്നാൽ മത്സരത്തിൽ ചെൽസി താരങ്ങൾ നിരവധി വ്യക്തിഗത പിഴവുകൾ വരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷമാണ് ചെൽസി രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയത്. തിയാഗോ സിൽവ, മേസൺ മൗണ്ട് എന്നിവർ ചെൽസിക്കായി ഗോളുകൾ നേടിയപ്പോൾ ലാൻസിനി, ബോവൻ, മസൗകു എന്നിവരാണ് വെസ്റ്റ് ഹാമിന്റെ ഗോളുകൾ കുറിച്ചത്.

"ഞങ്ങൾ തോൽവി ഇഷ്ട്ടപ്പെടുന്നില്ല, എന്നാൽ അത് ഉൾക്കൊണ്ടു മുന്നോട്ടു പോകണം. ദേഷ്യപ്പെടാൻ മാത്രം മോശമായ പ്രകടനം അല്ലായിരുന്നെങ്കിലും ടീം ഇനിയും മെച്ചപ്പെടാനുണ്ട്. ഞങ്ങൾ വിജയിച്ചാൽ ആരും ഞങ്ങൾക്ക് കിരീടം നൽകാൻ പോകുന്നില്ല, തോറ്റാൽ മറ്റാർക്കെങ്കിലും അത് ലഭിക്കുമെന്നും കരുതുന്നില്ല," മത്സരത്തിന് ശേഷം മാച്ച് ഓഫ് ദി ഡേയിൽ ടുഷെൽ പറഞ്ഞു.

"ഞങ്ങൾ ഒരുപാട് പിഴവുകൾ മത്സരത്തിൽ വരുത്തിയെങ്കിലും ആ സമയത്തെ പ്രകടനം മോശമല്ലായിരുന്നു, അർദ്ധാവസരങ്ങൾ സൃഷ്ടിച്ച് മത്സരം നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു. എന്നാൽ മൊത്തത്തിൽ ഞങ്ങൾ വ്യക്തിപരമായി ഒരുപാട് പിഴവുകൾ വരുത്തി. മൂന്നു മത്സരങ്ങളിൽ തുടർച്ചയായി ഇതേ പിഴവുകൾ വരുത്തിയാൽ റിസൾട്ട് ലഭിക്കുമെന്ന് കരുതാൻ കഴിയില്ല," ടുഷെൽ വ്യക്തമാക്കി.

വെസ്റ്റ് ഹാമിനെതിരെ തോൽക്കുകയും മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും അവരുടെ മത്സരങ്ങളിൽ വിജയം നേടുകയും ചെയ്‌തതോടെ ചെൽസിയുടെ ഒന്നാം സ്ഥാനം നഷ്ടമായിട്ടുണ്ട്. ചെൽസി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit