Football in Malayalam

ജാക്ക് ഗ്രീലിഷിൽ കണ്ണു വെച്ച് ചെൽസിയും, ഭീഷണി മാഞ്ചസ്റ്റർ സിറ്റിക്ക്

Gokul Manthara
Aston Villa v Derby County - Sky Bet Championship Play-off Final
Aston Villa v Derby County - Sky Bet Championship Play-off Final / Catherine Ivill/Getty Images
facebooktwitterreddit

ആസ്റ്റൺ വില്ലയുടെ ഇംഗ്ലീഷ് സൂപ്പർ താരം ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയും രംഗത്തെന്ന് സൂചന. പ്രീമിയർ ലീഗിലെ മറ്റൊരു സൂപ്പർ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് ഗ്രീലിഷിൽ കണ്ണുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് ചെൽസിയും താരത്തിനായി മുന്നോട്ടു വന്നെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.

സമീപകാലത്തായി ട്രാൻസ്ഫർ വിപണികളിൽ പണം വാരിയെറിയാൻ യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത ചെൽസി, കഴിഞ്ഞ സമ്മറിൽ മാത്രം 220 മില്ല്യൺ പൗണ്ടാണ് താരങ്ങളെ സ്വന്തമാക്കാൻ മുടക്കിയത്. ഇക്കുറിയും അവർ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ചിലവഴിക്കാൻ തയ്യാറാണെന്നാണ് ഗ്രീലിഷിനായി ക്ലബ്ബ് രംഗത്തെത്തിയതോടെ വ്യക്തമായിരിക്കുന്നത്.

2020-21 സീസണിൽ ആസ്റ്റൺ വില്ലക്കായി തകർത്തു കളിച്ച ഗ്രീലിഷിന്റെ വലിയ ആരാധകനാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള. ഗ്വാർഡിയോളയുടെ താല്പര്യം മുൻ നിർത്തിയാണ് ക്ലബ്ബ് അദ്ദേഹത്തെ ടീമിലെത്തിക്കാൻ രംഗത്തെത്തിയത്. എന്നാൽ ചെൽസിക്കും ഗ്രീലിഷിനെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഇംഗ്ലീഷ് യുവ താരത്തിനായി ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയും, ചെൽസിയും തമ്മിൽ ശക്തമായ മത്സരം നടക്കുമെന്ന് ഉറപ്പായി.

അതേ സമയം 2012 മുതൽ ആസ്റ്റൺ വില്ലയുടെ താരമായ ഗ്രീലിഷ്, ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ക്ലബ്ബുമായി അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പു വെച്ചത്. വില്ലയിൽ പുതിയ കരാർ ഒപ്പിട്ടത് ഉജ്ജ്വല പ്രകടനങ്ങളിലൂടെ ആഘോഷിച്ച താരം, 2020-21 സീസണിൽ കളിച്ച 27 മത്സരങ്ങളിൽ 7 ഗോളുകളും 12 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

facebooktwitterreddit