Football in Malayalam

ഇരട്ടി വേതനത്തോടെ പുതിയ കരാർ; മേസൺ മൗണ്ടുമായി ചർച്ച ആരംഭിക്കാനൊരുങ്ങി ചെൽസി

By Gokul Manthara
Arsenal v Chelsea - Premier League
Arsenal v Chelsea - Premier League / Michael Regan/Getty Images
facebooktwitterreddit

2024 വരെ തങ്ങളുമായി കരാറുള്ള‌ ഇംഗ്ലീഷ് യുവ താരം മേസൺ മൗണ്ടുമായി പുതിയ കരാർ ഒപ്പിടാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്ക് താല്പര്യമെന്നും ഇതിനായുള്ള ചർച്ചകൾ ആരംഭിക്കാനുള്ള‌ തയ്യാറെടുപ്പിലാണ് അവരെന്നും സൂചന. സമീപകാലത്ത് ക്ലബ്ബിനായി ഉജ്ജ്വല പ്രകടനം പുറത്തെടുക്കുന്ന ഇരുപത്തിരണ്ടുകാരനെ ക്ലബ്ബിൽ ദീർഘകാലത്തേക്ക് നിലനിർത്താൻ ആഗ്രഹിക്കുന്ന ചെൽസി, പുതിയ കരാറിൽ താരത്തിന്റെ വേതനം ഇരട്ടിയാക്കാൻ തയ്യാറാണെന്നാണ് 90Min മനസിലാക്കുന്നത്.

2005 ൽ തന്റെ ആറാം വയസിൽ ചെൽസിയിലെത്തിയ മേസൺ മൗണ്ട് 2019 ലായിരുന്നു ക്ലബ്ബുമായി അഞ്ച് വർഷത്തേക്ക് കരാർ പുതുക്കിയത്. എന്നാൽ ഇതിന് ശേഷം ക്ലബ്ബിനായി താരം പുറത്തെടുത്ത പ്രകടനത്തിൽ ആകൃഷ്ടരായ ചെൽസി നേതൃത്വം പുതിയ കരാർ നൽകി അദ്ദേഹത്തെ കൂടുതൽ വർഷങ്ങൾ ഒപ്പം നിർത്താനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു‌. ഇതിനായി താരത്തിന്റെ പ്രതിനിധികളുമായി ചെൽസി നേതൃത്വം ഉടൻ തന്നെ ചർച്ച ആരഭിക്കുമെന്നാണ് സൂചനകൾ.

അതേ സമയം നിലവിൽ മൂന്ന് വർഷത്തെ കരാർ കൂടി മൗണ്ടുമായുള്ള ചെൽസി ഇത് രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ താല്പര്യപ്പെടുന്നുണ്ടെന്നാണ് സൂചനകൾ. ഇതിനൊപ്പം തന്നെ താരത്തിന്റെ ശമ്പളം ഇരട്ടിയാക്കി ഉയർത്താനും അവർ തയ്യാറായേക്കും‌. അങ്ങനെ വരുമ്പോൾ മൗണ്ടിന്റെ പ്രതിവാര ശമ്പളം 150,000 പൗണ്ടായി ഉയരും. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് പുതിയ കരാർ അന്തിമമാക്കുന്നതിനാകും ചെൽസി ശ്രമിക്കുകയെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം ചെൽസിയിൽ മുൻപരിശീലകനായ ഫ്രാങ്ക്‌ ലംപാർഡിന് കീഴിലും ഇപ്പോൾ തോമസ് ടുഷലിന് കീഴിലും മികച്ച പ്രകടനമാണ് മേസൺ മൗണ്ടിന്റേത്. 2020-21 സീസണിലെ ചെൽസിയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മൗണ്ട്, ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് വിജയങ്ങളിലും നിർണായക പങ്ക് വഹിച്ചു. ചെൽസിക്കായി ഇതു വരെ 111 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 17 ഗോളുകൾ നേടിയതിനൊപ്പം 16 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit