സ്റ്റെർലിങ് ചെൽസിയിലേക്കെന്നുറപ്പായി, ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ക്ലബുകൾ തമ്മിൽ ധാരണയിലെത്തി

Chelsea Agree Fee With Man City For Raheem Sterling
Chelsea Agree Fee With Man City For Raheem Sterling / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ടോഡ് ബോഹ്‍ലി ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ സൈനിങായി മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്ങിനെ ചെൽസി സ്വന്തമാക്കുമെന്നുറപ്പായി. ബിബിസി അടക്കമുള്ള യൂറോപ്പിലെ വിവിധ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലണ്ട് താരത്തിന്റെ ട്രാൻസ്‌ഫറിൽ രണ്ടു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്. ചെൽസിയുമായി നേരത്തെ തന്നെ വ്യക്തിപരമായ ധാരണയിൽ റഹീം സ്റ്റെർലിങ് എത്തിയിട്ടുണ്ടായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ആഡ് ഓണുകൾ ഉൾപ്പെടെ അമ്പതു മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫറിലാണ് സ്റ്റെർലിങ് സ്റ്റാംഫോഡ് ബ്രിഡ്‌ജിൽ എത്താൻ തയ്യാറെടുക്കുന്നത്. താരം അഞ്ചു വർഷത്തെ കരാറാണ് ചെൽസിയുമായി ഒപ്പിടുക. ഇത് ഒരു വർഷത്തേക്കു കൂടി പുതുക്കാനുള്ള ഉടമ്പടിയും കരാറിലുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ താരത്തിന്റെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി ചെൽസി ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഒരു വർഷം മാത്രം മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ബാക്കിയുള്ള സ്റ്റെർലിങ്ങിൽ യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് താൽപര്യം ഉണ്ടായിരുന്നെങ്കിലും താരം ചെൽസിയെയാണ് തിരഞ്ഞെടുത്തത്. ട്രാൻസ്‌ഫർ പൂർത്തിയാകുന്നതോടെ സ്റ്റെർലിങ് കളിക്കുന്ന പ്രീമിയർ ലീഗിലെ മൂന്നാമത്തെ പ്രധാന ക്ലബായി ചെൽസി മാറും. മാഞ്ചസ്റ്റർ സിറ്റിക്കു പുറമെ ലിവർപൂളിൽ മൂന്നു വർഷം സ്റ്റെർലിങ് കളിച്ചിട്ടുണ്ട്.

ട്രാൻസ്‌ഫർ ഫീയുടെ കാര്യത്തിൽ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തിയതോടെ വളരെ പെട്ടന്നു തന്നെ ഡീൽ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പ്രീ സീസൺ ടൂറിനായി പോകാൻ തയ്യാറെടുക്കുന്ന ചെൽസി ടീമിൽ താരത്തെയും ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം ചെൽസി പരിശീലകനുണ്ടാകും. റൊമേലു ലുക്കാക്കു ക്ലബ് വിട്ട ചെൽസിയെ സംബന്ധിച്ച് ആക്രമണനിരക്ക് കൂടുതൽ കരുത്തേകാൻ സ്റ്റെർലിങ്ങിനു കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.