Football in Malayalam

ആരോൺ വാൻ ബിസാക്കക്ക് പ്രതിരോധമറിയില്ല, താരത്തിനു പകരം ട്രിപ്പിയറെ സ്വന്തമാക്കണമെന്ന് ക്യുപിആർ താരം

Sreejith N
Manchester United v West Bromwich Albion - Premier League
Manchester United v West Bromwich Albion - Premier League / Chloe Knott - Danehouse/Getty Images
facebooktwitterreddit

ആരോൺ വാൻ ബിസാക്കയുടെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ദുർബലപ്പെടുത്തുന്നുണ്ടെന്നും താരത്തിനു പകരം അത്ലറ്റികോ മാഡ്രിഡിൽ നിന്നും കീറോൺ ട്രിപ്പിയറിനെ സ്വന്തമാക്കണമെന്നും ആവശ്യപ്പെട്ട് ക്വീൻ പാർക്ക് റേഞ്ചേഴ്‌സ് സ്‌ട്രൈക്കറും ടോക്ക്സ്‌പോർട് പണ്ഡിറ്റുമായ ചാർളി ഓസ്റ്റിൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പ്രീ സീസൺ മത്സരത്തിൽ കളിച്ചതിനു ശേഷം ഈ അഭിപ്രായം പ്രകടിപ്പിച്ച ഓസ്റ്റിൻ ബിസാക്കക്ക് പ്രതിരോധമറിയില്ലെന്നും തുറന്നടിച്ചു.

ക്രിസ്റ്റൽ പാലസിൽ നിന്നും 45 മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കി ഓൾഡ് ട്രാഫോഡിലെത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ സ്ഥിരസാന്നിധ്യമാണ് റൈറ്റ് ബാക്കായി കളിക്കുന്ന ആരോൺ വാൻ ബിസാക്ക. വൺ ഓൺ വൺ സാഹചര്യങ്ങളിൽ മികവ് കാണിക്കാനും കായികപരമായി എതിരാളികൾക്കു മേൽ ആധിപത്യം പുലർത്താനുമുള്ള കഴിവിന്റെ പേരിൽ പ്രശംസയേറ്റു വാങ്ങിയിട്ടുള്ള താരത്തെക്കുറിച്ച് ഇതാദ്യമായിട്ടായിരിക്കും ഇത്തരമൊരു പ്രതികരണമുണ്ടാകുന്നത്.

"മാഞ്ചസ്റ്റർ യുണൈറ്റഡ് റാഫേൽ വരാനെ സ്വന്തമാക്കിയെങ്കിലും അവരുടെ പ്രധാന പ്രശ്‌നം ഒരു റൈറ്റ് ബാക്കിനെ വേണമെന്നതാണ്.ആരോൺ വാൻ ബിസാക്കക്ക് ഉദ്ദേശിക്കുന്ന നിലവാരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. വെറും പ്രീ സീസൺ മാത്രമായിരുന്നു എന്നറിയാമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ഏറ്റുമുട്ടിയതാണ്, വാൻ ബിസാക്കക്ക് പ്രതിരോധിക്കാനറിയില്ല. അതുകൊണ്ട് അവർ ആഗ്രഹിക്കുന്നതു പോലെ ട്രിപ്പിയറെ സ്വന്തമാക്കേണ്ടതുണ്ട്."

"താരത്തിൽ നിന്നുമുള്ള ഫൈനൽ ബോളല്ല ഒരു സെൻട്രൽ ഫോർവേഡിനു വേണ്ടത്, എഡിസൺ കവാനിക്കോ മാർക്കസ് റാഷ്‌ഫോഡിനോ വേണ്ടത് അതല്ല. അവർ കീറൺ ട്രിപ്പിയറെ സ്വന്തമാക്കണം. ഇതൊരു പ്രീ സീസൺ ഫ്രണ്ട്ലി ആയിരിക്കാം, നമുക്ക് മോശം മത്സരങ്ങളുമുണ്ടാകാം. എന്നാൽ വാൻ ബിസാക്കയാണ് അവരുടെ റൈറ്റ് ബാക്കെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗടക്കമുള്ള കിരീടങ്ങൾ സ്വന്തമാക്കുമെന്ന് എനിക്കുറപ്പില്ല." ഓസ്റ്റിൻ വ്യക്തമാക്കി.

ട്രിപ്പിയറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമായ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫ്രഞ്ച് പ്രതിരോധതാരം വരാനെ ടീമിലെത്തിയതോടെ അതിനുള്ള സാധ്യതകൾ മങ്ങിയിട്ടുണ്ട്. ഇനി പുതിയ സൈനിംഗുകൾ ആവശ്യപ്പെടില്ലെന്ന് സോൾഷെയർ വ്യക്തമാക്കുകയും ചെയ്‌തതോടെ നിലവിലുള്ള ടീം തന്നെയായിരിക്കും അടുത്ത സീസണു വേണ്ടി തയ്യാറെടുക്കുക.

facebooktwitterreddit