Football in Malayalam

ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 4 പ്രിവ്യു 1: ബാഴ്‌സയും, ബയേണും, ചെൽസിയും, മാഞ്ചസ്റ്റർ യുണൈറ്റഡും, യുവന്റസും കളത്തിൽ

Haroon Rasheed
Emmanuele Ciancaglini/CPS Images/Chloe Knott - Danehouse/Catherine Ivill, Lukas Schulze/Getty Images
facebooktwitterreddit

ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾക്ക് വീണ്ടും തുടക്കമാവുകയാണ്. ഗ്രൂപ്പിലെ നാലാം മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. വിവിധ ഗ്രൂപ്പുകളിലായി എട്ടു മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നാലാം മത്സരത്തോടെ വിവിധ ഗ്രൂപ്പുകളിലെ ചിത്രം തെളിയും. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ചാംപ്യൻസ് ലീഗ് പോരാട്ടത്തിന്റെ ആരവങ്ങളാവും.

1. മാൽമോ - ചെൽസി

Thomas  Tuchel
Thomas Tuchel / Ian MacNicol/GettyImages

ചാംപ്യൻസ് ലീഗിന്റെ ഗ്രൂപ്പ്ഘട്ട മത്സങ്ങൾക്ക് ചാംപ്യൻമാർ ഇന്ന് വീണ്ടും ഇറങ്ങുന്നു. ഗ്രൂപ്പിലെ നാലാംഘട്ട മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ഗ്രൂപ്പ് എച്ചിലാണ് ആദ്യ മത്സരം നടക്കുന്നത്. രാത്രി 11.15ന് നടക്കുന്ന മത്സരത്തി നിലവിലെ ചാംപ്യൻമാരായ ചെൽസിയും സ്വീഡിഷ് ക്ലബായ മാൽമോയും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ഗ്രൂപ്പ് എച്ചി രണ്ടാം സ്ഥാനത്തുള്ള ചെൽസിക്ക് മാൽമോ വലിയ ഭീഷണി അല്ലെങ്കിലും അവർക്ക് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഉള്ളതിനാൽ നീലപ്പടക്ക് നാളത്തെ മത്സരം അൽപം കഠിനമായിരിക്കും. പ്രീമിയർ ലീഗിൽ അപാര ഫോമിൽ കളിക്കുന്ന ചെൽസി ജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സ്വീഡനിലേക്ക് വിമാനം കയറിയിരിക്കുന്നത്.

2. വോൾവ്സ്ബർഗ് - ആർ.ബി സാൽസ്ബർഗ്

ദുർബലരുടെ ഗ്രൂപ്പിലെ ശക്തമായ മത്സരമാണ് ഗ്രൂപ്പ് ജിയിൽ നടക്കുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സാൽസ്ബർഗും അവസാന സ്ഥാനത്ത് നിൽക്കുന്ന വോൾവ്സ്ബർഗും തമ്മിലാണ് പോരാട്ടം. മത്സരം രാത്രി 11.15ന് വോൾവ്സ്ബർഗിന്റെ ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ വേണ്ടി വോൾവ്സ്ബർഗ് പൊരുതുമ്പോൾ ജർമനിയിൽ ഇന്ന് മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം.

3. വിയ്യാറയൽ - യങ് ബോയ്സ്

ഗ്രൂപ്പ് എഫിൽ നിലനിൽപ്പിന്റെ പോരാട്ടത്തിനാണ് യങ് ബോയ്സും സ്പെയിനിൽ നിന്നുള്ള വിയ്യാറയലും കളത്തിലിറങ്ങുന്നത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള വിയ്യാറയൽ മത്സരം ജയിച്ച് സ്ഥാനം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. അതേ സമയം മൂന്ന് മത്സരത്തിൽ ഒരു വിജയവും രണ്ട് തോൽവിയുമുള്ള യങ് ബോയ്സ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ ജയം സ്വന്തമാക്കി സ്ഥാനം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് യങ് ബോയ്സും ബൂട്ടുകെട്ടുന്നത്. രാത്രി 1.30ന് വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

4. യുവന്റസ് - സെനിത്

Massimiliano Allegri
Allegri / CPS Images/GettyImages

ഗ്രൂപ്പ് എച്ചിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ യുവന്റസും സെനിത്തും തമ്മിലാണ് കൊമ്പുകോർക്കുന്നത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും ജയിച്ച യുവന്റസ് ആത്മവിശ്വാസത്തിലാണെങ്കിലും സീരീ എയിൽ മോശം പ്രകടനം പുറത്തെടുക്കുന്ന അവർക്ക് നാളെ പൊരുതേണ്ടിവരും. യുവന്റസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്ന മുൻതൂക്കം അവർക്കുണ്ടെങ്കിലും സ്ഥാനം മെച്ചപ്പെടുത്താൻ സെനിത്ത് പൊരുതുമ്പോൾ യുവന്റസ് സ്റ്റേഡിയത്തിൽ മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. രാത്രി 1.30നാണ് മത്സരം.

5. ബയേൺ മ്യൂണിക്ക് - ബെൻഫിക്ക

നാലാം മത്സരത്തിലും ജയം സ്വന്തമാക്കി ഗ്രൂപ്പിലെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ഇന്ന് ബയേൺ മ്യൂണിക്ക് കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും ജയം സ്വന്തമാക്കിയ ബയേൺ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തുള്ള ബെൻഫിക്കയെയാണ് നേരിടുന്നത്. അലിയൻസ് അറീനയിലാണ് മത്സരമെന്നതിനാൽ ഇന്ന് മ്യൂണിക്കിൽ തീ പാറുന്നൊരു മത്സരം പ്രതീക്ഷിക്കാം. രാത്രി 1.30 നാണ് മത്സരം.

6. സെവിയ്യ - ലില്ലെ

ദുർബലരുടെ ഗ്രൂപ്പായ ഗ്രൂപ്പ് ജിയിലെ ജീവൻമരണ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയും മൂന്നാം സ്ഥാനത്തുള്ള ലില്ലെയും തമ്മിലാണ് ഗ്രൂപ്പിലെ പോരാട്ടം. മൂന്ന് മത്സരത്തിലും സമനില നേടിയ സെവിയ്യ ചാംപ്യൻസ് ലീഗിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. അതേ സമയം മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും ഒരു തോൽവിയുമാണ് ലില്ലെയുടെ സമ്പാദ്യം. സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 1.30നാണ് മത്സരം.

7. ഡൈനാമോ കീവ് - ബാഴ്‌സലോണ

Sergi Barjuan
Sergi Barjuan / Alex Caparros/GettyImages

മോശം ഫോമിലൂടെ കടന്ന് പോകുന്ന ബാഴ്സലോണക്ക് ആത്മാഭിമാനം തിരിച്ചുപിടിക്കണമെങ്കിൽ ഇന്ന് ജയം അനുവാര്യമാണ്. നിലവിൽ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് ഇന്നത്തെ മത്സരഫലം നിർണായകമാകും. കൂമാൻ ടീം വിട്ടതിന് ശേഷം താത്കാലിക പരിശീലകന്റെ കീഴിലാണ് ബാഴ്സ കളത്തിലിറങ്ങുന്നത്. ലാലിഗയിൽ മോശം ഫോമിൽ തുടരുന്ന ബാഴ്സലോണ ഇന്ന് ജയത്തിനായി ശക്തമായി പോരാടും. ഗ്രൂപ്പിൽ നാലാം സ്ഥാനത്തുള്ള ഡൈനാമോ കീവ് ആദ്യ ജയം തേടിയാണ് സ്വന്തം മൈതാനത്ത് ബാഴ്സലോണയെ നേരിടുന്നത്.

8. അറ്റലാന്റ - മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇരു ടീമുകളും തമ്മിലുള്ള കഴിഞ്ഞ മത്സരത്തിൽ അവാസന നിമിഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയം തട്ടിയെടുത്തതിന്റെ പക വീട്ടാനാണ് അറ്റലാന്റെ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നത്. ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തുള്ള യുണൈറ്റഡ് ജയം സ്വന്തമാക്കി സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മൂന്നാം സ്ഥാനത്തുള്ള അറ്റലാന്റ അവസാന മത്സരത്തിലേറ്റ തോൽവിക്ക് പകരം ചോദിക്കാനുള്ള ഒരുക്കത്തിലാണ്. പ്രീമിയർ ലീഗിൽ ടോട്ടനത്തിനെതിരേയുള്ള മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ആത്മവിശ്വാസവും യുണൈറ്റഡിനുണ്ട്. അതിനാൽ, നാളെ ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും തീ പാറുന്നൊരു പോരാട്ടം കാണാം. രാത്രി 1.30നാണ് മത്സരം.

മത്സരങ്ങളെല്ലാം സോണി ലൈവിൽ ഇന്ത്യയിൽ തൽസമയം സംപ്രേക്ഷണം ചെയ്യും.

facebooktwitterreddit