വിയ്യാറയലിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതാ ഇലവൻ ഇങ്ങനെ...

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാൻ, ജേഡൻ സാഞ്ചോ എന്നീ ലോകോത്തര താരങ്ങളെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണിലെ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണേറ്റുവാങ്ങിയത്. താരതമ്യേന ദുർബലരായ യങ് ബോയ്സിനെതിരെ 2-1ന് പരാജയപ്പെട്ട ചുവന്ന ചെകുത്താന്മാർ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ വിജയം തേടിയാണ് അടുത്ത മത്സരത്തിനിറങ്ങുന്നത്.
സെപ്റ്റംബർ 30ന്, ഇന്ത്യൻ സമയം രാത്രി 12:30ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്ഘട്ട മത്സരത്തിൽ കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് ഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തി കിരീടമുയർത്തിയ വിയ്യാറയലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. മൂന്ന് പോയിന്റുകൾക്ക് പുറമെ, പ്രതികാരം കൂടി ലക്ഷ്യമിട്ടാവും ഒലെ ഗുണ്ണാർ സോൾഷെയറുടെ ടീം സ്പാനിഷ് ക്ലബിനെതിരെ കളത്തിലിറങ്ങുക.
ഇഎഫ്എൽ കപ്പിൽ വെസ്റ്റ് ഹാമിനോടും, പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയോടും ഏറ്റ പരാജയങ്ങൾക്ക് ശേഷം വിജയവഴികളിലേക്ക് തിരിച്ചെത്താൻ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിയ്യാറയലിന് എതിരെയുള്ള സാധ്യത ഇലവൻ എങ്ങനെയായിരിക്കുമെന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്.
1. ഗോൾകീപ്പർ & പ്രതിരോധതാരങ്ങൾ
ഡേവിഡ് ഡി ഹിയ (ഗോൾകീപ്പർ) - ഈ സീസണിൽ ഇത് വരെയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്പാനിഷ് താരം തന്നെയാവും യുണൈറ്റഡ് ഗോൾവലയുടെ കാവൽക്കാരൻ.
ഡിയഗോ ഡാലോട്ട് (റൈറ്റ്-ബാക്ക്) - ആരോൺ വാൻ-ബിസാക്ക സസ്പെൻഷനിൽ ആയതിനാൽ പോർച്ചുഗീസ് താരമാകും യുണൈറ്റഡ് പ്രതിരോധനിരയുടെ വലത് വശത്ത്.
വിക്ടർ ലിൻഡലോഫ് (സെന്റർ-ബാക്ക്) - ആസ്റ്റൺ വില്ലക്കെതിരെ പരിക്കേറ്റ ഹാരി മഗ്വയർ വിയ്യാറയലിനെതിരെ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇംഗ്ലീഷ് പ്രതിരോധതാരത്തിന്റെ അഭാവത്തിൽ ലിൻഡലോഫാകും യുണൈറ്റഡിന്റെ ഒരു സെന്റർ-ബാക്ക്.
റാഫേൽ വരാൻ (സെന്റർ-ബാക്ക്) - യുണൈറ്റഡിന് വേണ്ടി ഇത് വരെ കളിച്ച മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തിന്റെ ആദ്യ ഇലവനിലെ സാന്നിധ്യം ഉറപ്പാണ്.
അലക്സ് ടെല്ലസ് (ലെഫ്റ്റ്-ബാക്ക്) - ആസ്റ്റൺ വില്ലക്കെതിരെ പരിക്കേറ്റ് കളം വിട്ട ലുക്ക് ഷോയും വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. ഷോക്ക് മത്സരം നഷ്ടമാവുമെങ്കിൽ, ടെല്ലസ് ആദ്യ ഇലവനിൽ ഇടം നേടും.
2. മധ്യനിരതാരങ്ങൾ
ഫ്രെഡ് (സെൻട്രൽ മിഡ്ഫീൽഡർ)- താരത്തിന്റെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് വഴിവെക്കുണ്ടെങ്കിൽ, ആദ്യ ഇലവനിൽ ഫ്രെഡ് തന്റെ സ്ഥാനം നിലനിറുത്തിയേക്കും.
സ്കോട്ട് മക്ടോമിനി (സെൻട്രൽ മിഡ്ഫീൽഡർ) - പരിക്കിൽ നിന്ന് മുക്തനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. വിയ്യാറയലിന് എതിരെയും മധ്യനിരയിൽ താരം ഉണ്ടാകാനാണ് കൂടുതൽ സാധ്യത.
ബ്രൂണോ ഫെർണാണ്ടസ് (അറ്റാക്കിങ് മിഡ്ഫീൽഡർ) - ആസ്റ്റൺ വില്ലക്കെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരം, വിയ്യാറയലിന് എതിരെ ഒരു മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാവും ലക്ഷ്യമിടുന്നത്.
3. മുന്നേറ്റനിരതാരങ്ങൾ
ജേഡൻ സാഞ്ചോ (റൈറ്റ് വിങ്ങർ) - സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡിലെത്തിയതിന് ശേഷം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തിന് തന്റെ വരവറിയാക്കാൻ പറ്റിയ അവസരമാണ് വിയ്യാറയലിന് എതിരെയുള്ള മത്സരം.
ക്രിസ്റ്റ്യാനോ റൊണാൾഡോ (സ്ട്രൈക്കർ) - മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചുവന്നതിന് ശേഷം നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയ താരം ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
പോൾ പോഗ്ബ (ലെഫ്റ്റ് വിങ്ങർ) - ഗംഭീരപ്രകടനങ്ങളോടെ 2021/22 സീസൺ തുടങ്ങിയ പോഗ്ബ കഴിഞ്ഞ മത്സരങ്ങളിൽ താരതമ്യേന നിരാശാജനകമായ പ്രകടനങ്ങളാണ് പുറത്തെടുത്തത്. എങ്കിലും, ആദ്യ പതിനൊന്നിൽ താരത്തിന്റെ സാന്നിധ്യം ഏറെക്കുറെ ഉറപ്പാണ്.