Football in Malayalam

ചാമ്പ്യൻസ് ലീഗ് ക്ലബുകൾക്ക് പരസ്‌പരം താരങ്ങളെ വാങ്ങാനാവില്ല, പുതിയ നിയമം നടപ്പിലാക്കാൻ യൂറോപ്യൻ ക്ലബ്‌സ് അസോസിയേഷൻ

Sreejith N
FC Barcelona v Paris Saint-Germain  - UEFA Champions League Round Of 16 Leg One
FC Barcelona v Paris Saint-Germain - UEFA Champions League Round Of 16 Leg One / David Ramos/Getty Images
facebooktwitterreddit

നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫുട്ബോൾ നിയമങ്ങളിൽ വിപ്ലവകരമായ പുതിയ മാറ്റം വരുത്താൻ യൂറോപ്യൻ ക്ലബ്‌സ് അസോസിയേഷൻ ഒരുങ്ങുന്നു. പുതിയ നിയമപ്രകാരം ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബുകൾ തമ്മിൽ താരങ്ങളെ പരസ്‌പരം കൈമാറുന്നത് അനുവദനീയമാകില്ല. ഫിനാൻഷ്യൽ ഫെയർ പ്ലേ കൃത്യമായി പാലിച്ചു കൊണ്ടു പോകുന്നതിനു വേണ്ടിയാണ് തീരുമാനം.

യുവേഫ ക്ലബ്‌സ് അസോസിയേഷന്റെയും ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെയും ചെയർമാനായ ആന്ദ്രേ ആഗ്നല്ലിയാണ് പുതിയ ആശയം മുന്നോട്ടു വെച്ചത്. ഇതു വിവിധ ഫുട്ബോൾ ടൂർണമെന്റിലെ മത്സരങ്ങളെയും ടീമുകൾക്കുള്ള ആധിപത്യത്തെയും മത്സരാത്മക സ്വഭാവത്തെയും കൃത്യമായും തുല്യമായും മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നതാണെന്നും ആഗ്നെല്ലി അഭിപ്രായപ്പെടുന്നു.

യൂറോപ്യൻ ക്ലബ്‌സ് അസോസിയേഷന്റെ മീറ്റിങ്ങിനു ശേഷം ഒരു ജർമൻ മാധ്യമപ്രവർത്തകൻ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലക്കരാറിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആഗ്നല്ലി ഇക്കാര്യം വ്യക്തമാക്കിയത്. "ഇന്റർനാഷണൽ ടൂർണമെന്റിന്റെ ചില തലങ്ങളിൽ മത്സരിക്കുന്ന ക്ലബുകൾ തമ്മിൽ താരങ്ങളെ പരസ്‌പരം കൊടുക്കാനും വാങ്ങാനും അനുവദിക്കരുത്," ആഗ്നെല്ലി പറഞ്ഞു.

"ഇത് ക്ലബുകൾ തമ്മിൽ പരോക്ഷമായി നിലനിൽക്കുന്ന ഐക്യദാർഢ്യത്തെ ഊട്ടിയുറപ്പിക്കും. മൂന്നക്കം വരുന്ന ട്രാൻസ്ഫറുകൾ ഇനി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബുകൾ തമ്മിൽ ഉണ്ടാകരുതെന്നതിനെ കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്."

ഈ നിയമം മുൻപു തന്നെ നിലവിലുണ്ടായിരുന്നെങ്കിൽ ഫുട്ബോൾ ലോകം കണ്ട നിരവധി വമ്പൻ ട്രാൻസ്ഫറുകൾ നടക്കുമായിരുന്നില്ല. ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്കുള്ള നെയ്മറുടെ ട്രാൻസ്‌ഫർ, മൊണാക്കോയിൽ നിന്നും പിഎസ്‌ജിയിലേക്കുള്ള എംബാപ്പയുടെ ട്രാൻസ്‌ഫർ, യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോഗ്ബ ചേക്കേറിയത്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് ട്രാൻസ്‌ഫർ എന്നിവയെല്ലാം അതിലുൾപ്പെടുന്നതാണ്.

യൂറോപ്പിലെ ചില ഏതാനും ക്ലബുകളുടെ ഉടമകൾ സാമ്പത്തികമായി വളരെ പ്രബലരാണെന്നതും അവർ മറ്റു ക്ലബുകളെ മറികടന്ന് വലിയ തുകക്ക് താരങ്ങളെ സ്വന്തമാക്കുന്നതുമെല്ലാം ഈ നിർദ്ദേശത്തിന്റെ പിന്നിലുണ്ടെന്നാണ് കരുതേണ്ടത്. ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗികമായ തീരുമാനം യൂറോപ്യൻ ക്ലബ്‌സ് അസോസിയേഷൻ എടുത്തിട്ടില്ല.

facebooktwitterreddit