"കളിക്കുന്ന മത്സരങ്ങൾ കുറഞ്ഞാൽ കിട്ടുന്ന പണവും കുറയും"- ഗ്വാർഡിയോളക്കും ക്ലോപ്പിനും യുവേഫ പ്രസിഡന്റിന്റെ മറുപടി
By Sreejith N

യൂറോപ്പിൽ ഫുട്ബോൾ മത്സരങ്ങളും ടൂർണമെന്റുകളും വളരെ കൂടുതലാണെന്നും ഇതു താരങ്ങളെ ബാധിക്കുന്നുണ്ടെന്നുമുള്ള പ്രീമിയർ ലീഗ് പരിശീലകരായ പെപ് ഗ്വാർഡിയോള, യർഗൻ ക്ലോപ്പ് എന്നിവരുടെ വിമർശനങ്ങൾക്ക് മറുപടി നൽകി യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫറിൻ. മത്സരങ്ങൾ കുറവ് കളിക്കുന്നതനുസരിച്ച് ലഭിക്കുന്ന പണം കുറയുമെന്നും അതിനു ക്ലബുകൾ തയ്യാറാകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
കഴിഞ്ഞ സീസണിലെ ഫുട്ബോൾ കലണ്ടറിനെതിരെയാണ് പെപ് ഗ്വാർഡിയോളയും യർഗൻ ക്ലോപ്പും രംഗത്തു വന്നത്. താരങ്ങളുടെ ക്ഷേമത്തെക്കാൾ പണത്തിനാണോ പ്രാധാന്യം നൽകുന്നതെന്നും അവർ ചോദിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ രണ്ടു ആഭ്യന്തര കപ്പ് ടൂർണമെന്റ് (എഫ്എ കപ്പ്, കറബാവോ കപ്പ്) നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്നാണ് ഇതിനു മറുപടിയായി സെഫറിൻ ചോദിച്ചത്.
"ഫിഫയെയും യുവേഫയേയും എല്ലായിപ്പോഴും ആക്രമിക്കാൻ വളരെ എളുപ്പമാണ്. പക്ഷെ കാര്യങ്ങൾ വളരെ ലളിതമാണ്, നിങ്ങൾ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ചാൽ ലഭിക്കുന്ന പണവും കുറയും." മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സെഫെറിൻ പറഞ്ഞു.
"മാസത്തിൽ ആയിരം യൂറോ മാത്രം ലഭിക്കുന്ന ഫാക്റ്ററി തൊഴിലാളികൾക്ക് പരാതി നൽകാൻ കഴിയും. എല്ലാവർക്കും കൂടുതൽ കപ്പ് മത്സരങ്ങൾ വേണം, ആരും ഒന്നും ഒഴിവാക്കാൻ ഒരുക്കമല്ല,ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ക്ലബുകൾക്ക് പത്തു മത്സരങ്ങൾ വേണം. അവർക്ക് എട്ടെണ്ണം ലഭിക്കും, അതാണ് ശരിയായ എണ്ണം."
"ആഭ്യന്തര ലീഗുകളിൽ പതിനെട്ടു ക്ലബുകൾ മാത്രം മതി, എന്നാൽ ഒരു ലീഗിന്റെയും പ്രസിഡന്റ് അതൊരിക്കലും അംഗീകരിക്കില്ല. രണ്ട് ആഭ്യന്തര കപ്പ് ടൂർണമെന്റുകൾ വളരെ കൂടുതലാണെന്ന് അവർ മനസിലാക്കണം." സെഫറിൻ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.