"റയൽ മാഡ്രിഡും സമാനമായ ഓഫർ തന്നെയാണ് നൽകിയത്"- എംബാപ്പെ ഡീലിനെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് സെഫറിൻ

UEFA Chief Hits Back At Mbappe Deal Criticism
UEFA Chief Hits Back At Mbappe Deal Criticism / John Berry/GettyImages
facebooktwitterreddit

ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെക്ക് പിഎസ്‌ജി നൽകിയ പുതിയ കരാറിനെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കെ അതിനു മറുപടിയുമായി യുവേഫ മേധാവി അലക്‌സാണ്ടർ സെഫറിൻ. പിഎസ്‌ജി നൽകിയതിനു സമാനമായ ഓഫറാണ് എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡും മുന്നോട്ടു വെച്ചതെന്നാണ് സെഫറിൻ പറയുന്നത്.

മാഡ്രിഡിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയത്. ഇതിനു പിന്നാലെ ലാ ലിഗ പ്രസിഡന്റ് പിഎസ്‌ജിക്കെതിരെ രൂക്ഷമായ വിമർശനവും നടത്തി. പിഎസ്‌ജി നൽകിയ കരാർ നിരവധി പേരുടെ ജോലിയെ അപകടത്തിലാക്കും എന്നു പറഞ്ഞ അദ്ദേഹം ഇതേക്കുറിച്ച് യുവേഫക്ക് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

"യുവേഫക്ക് വളരെ കർശനമായ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമമുണ്ട്. അതിനെ അംഗീകരിക്കുന്നവർക്ക് ഞങ്ങളുടെ ടൂർണമെന്റിൽ കളിക്കാം, അല്ലാത്തവർക്ക് കളിക്കാൻ കഴിയില്ല." ബിബിസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ സെഫറിൻ പറഞ്ഞു.

"യുവേഫയോട് എന്തു ചെയ്യണമെന്ന് റയൽ മാഡ്രിഡോ മറ്റുള്ള ആരെങ്കിലുമോ പറയേണ്ട കാര്യമില്ല. ഒരു വശത്തു നിന്നും മാത്രം നോക്കുന്നതു കൊണ്ടാണ് ഇക്കാര്യത്തിൽ അമർഷമുണ്ടാകുന്നത്. എനിക്ക് അറിയാവുന്നിടത്തോളം അവരുടെ ഓഫർ പിഎസ്‌ജി നൽകിയതിന് സമാനമായിരുന്നു." സെഫറിൻ വ്യക്തമാക്കി.

ഒരു രാജ്യം തന്നെ ക്ലബിന്റെ ഉടമകളാകുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും സെഫറിൻ വ്യക്തമാക്കി. ക്ലബുകൾക്ക് പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്‌തമായ മേഖലകളിൽ നിന്നും ഉടമകൾ ഉണ്ടാകുമെന്നും യാതൊരു കാരണവുമില്ലാതെ അതിനെ വിമർശിക്കുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.