അവസരങ്ങൾ നൽകാത്തതിൽ ആൻസലോട്ടി തന്നോട് ക്ഷമാപണം നടത്തിയിരുന്നുവെന്ന് റയൽ മാഡ്രിഡ് താരം ഡാനി സെബയോസ്
By Sreejith N

റയൽ മാഡ്രിഡിൽ കൂടുതൽ അവസരങ്ങൾ നൽകാത്തതിൽ പരിശീലകൻ കാർലോ ആൻസലോട്ടി തന്നോട് ക്ഷമാപണം നടത്തിയിരുന്നുവെന്ന് ടീമിന്റെ മധ്യനിര താരമായ ഡാനി സെബയോസ്. 2023ൽ കരാർ അവസാനിക്കുന്ന താരം തന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സെബയോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ സീസണിനു മുൻപ് പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിൽ ലോണിൽ കളിച്ചിരുന്ന താരം പിന്നീട് തിരിച്ചു വന്നെങ്കിലും ആൻസലോട്ടിക്കു കീഴിൽ വളരെ പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. പ്രീ സീസൺ ആരംഭിക്കുമ്പോൾ കാർലോ ആൻസലോട്ടിയോട് സംസാരിച്ച് തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുമെന്നും സെബയോസ് പറഞ്ഞു.
Ceballos still has to decide his future. https://t.co/PJdqaV6AiG
— MARCA in English (@MARCAinENGLISH) June 29, 2022
"ജൂലൈ എട്ടിന് പ്രീ സീസൺ തുടങ്ങുമ്പോൾ നമുക്ക് നോക്കാം. എന്താണ് അടുത്ത സീസണിലേക്ക് വേണ്ടതെന്നറിയാൻ ഞാൻ പരിശീലകനോട് സംസാരിക്കും, അതിനു ശേഷമേ ഞാനെന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളൂ. എനിക്ക് കളിക്കാൻ അർഹതയുണ്ടായിരുന്ന മിനുട്ടുകൾ പോലും നൽകാത്തതിന് പരിശീലകൻ എന്നോട് ക്ഷമാപണം നടത്തിയിരുന്നു." സെബയോസ് പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.
കഴിഞ്ഞ ഏപ്രിലിൽ തന്നെ സെബയോസ് കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുവെന്ന് കാർലോ ആൻസലോട്ടി പറഞ്ഞിരുന്നു. റയൽ മാഡ്രിഡ് ടീമിൽ അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതിരുന്ന താരമെന്ന് ആൻസലോട്ടി പറഞ്ഞ ഡാനി സെബയോസ് കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിലായി 338 മിനുട്ടുകൾ മാത്രമാണ് കളിച്ചത്.
അതേസമയം സെബയോസിനെ സ്വന്തമാക്കാൻ താരത്തിന്റെ മുൻ ക്ലബായ റയൽ ബെറ്റിസ് രംഗത്തുണ്ട്. ക്ലബിന്റെ ഉടമയായ യുവാൻ മിറാൻഡ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ പ്രീ സീസണു ശേഷമായിരിക്കും തന്റെ ഭാവിയെക്കുറിച്ച് താരം തീരുമാനം എടുക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.