Football in Malayalam

വീണ്ടും ഇരട്ട ഗോളുകൾ; യൂറോപ്പ ലീഗിൽ ചരിത്രമെഴുതി എഡിൻസൺ കവാനി

Gokul Manthara
AS Roma v Manchester United - UEFA Europa League Semi Final: Leg Two
AS Roma v Manchester United - UEFA Europa League Semi Final: Leg Two / Paolo Bruno/Getty Images
facebooktwitterreddit

യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലെ 34 വർഷം പഴക്കമുള്ള റെക്കോർഡിനൊപ്പമെത്തി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വെൻ സൂപ്പർ താരം എഡിൻസൺ കവാനി. എ എസ് റോമക്കെതിരെ നടന്ന യൂറോപ്പ ലീഗിന്റെ രണ്ടാം പാദ സെമിയിലും ഇരട്ട ഗോളുകൾ നേടിയതോടെയാണ് ചരിത്ര നേട്ടങ്ങളിലൊന്നിന് ഒപ്പമെത്താൻ കവാനിക്കായത്.

കഴിഞ്ഞ മാസാവസാനം നടന്ന യൂറോപ്പ ലീഗിന്റെ ആദ്യ പാദ സെമിയിൽ റോമക്കെതിരെ ഇരട്ട ഗോളുകൾ നേടിയിരുന്ന കവാനി, ഇന്നലെ നടന്ന രണ്ടാം പാദ സെമിയിലും രണ്ട് തവണ ലക്ഷ്യം കണ്ടിരുന്നു. ഇതോടെ യൂറോപ്യൻ സെമി ഫൈനലിന്റെ ഇരു പാദങ്ങളിലും രണ്ടോ അതിലധികമോ ഗോളുകൾ അടിക്കുന്ന താരമെന്ന അപൂർവ്വ നേട്ടത്തിൽ ജെർമ്മൻ താരമായ ക്ലൗസ് അലോഫ്സിനൊപ്പമെത്താൻ കവാനിക്കായി. 1985-86 സീസണിലെ യുവേഫ കപ്പിൽ ബെൽജിയൻ ക്ലബ്ബായ കെ എസ് വി വരേഗാമിനെതിരെ, എഫ് സി കോൽന് വേണ്ടി കളിക്കുമ്പോളായിരുന്നു അലോഫ്സ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

അതേ സമയം യൂറോപ്പ ലീഗിന്റെ ആദ്യ പാദ സെമിയിൽ റോമക്കെതിരെ 6-2 ന് വിജയിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ രണ്ടിനെതിരെ മൂന്ന്‌ ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. എന്നാൽ ഇരുപാദങ്ങളിലുമായി 8-5 ന് മുന്നിലെത്തിയതിനാൽ അവർ ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ഈ മാസം 27 ന് നടക്കാനിരിക്കുന്ന യൂറോപ്പ ലീഗിന്റെ കലാശപ്പോരാട്ടത്തിൽ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് യുണൈറ്റഡിന്റെ എതിരാളികൾ.

facebooktwitterreddit