ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും സിറ്റിയുടെയും താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്സലോണ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രധാന താരങ്ങളെ കൈവിട്ട ബാഴ്സലോണ സീസണിൽ പതറുന്ന പ്രകടനമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി റൊണാൾഡ് കൂമാനെ മാറ്റി ഇതിഹാസ താരമായ സാവിക്ക് പരിശീലകസ്ഥാനം ബാഴ്സ നൽകുകയും ചെയ്തു. ഇനി വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയാണ് കാറ്റലൻ ക്ലബ്.
ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി മാർക്ക പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുള്ള രണ്ടു താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സലോണക്ക് താത്പര്യമുണ്ട്. മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരമായ റഹീം സ്റ്റെർലിങ്ങിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കറായ എഡിസൺ കവാനിയെയുമാണ് ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താൻ ബാഴ്സലോണ ലക്ഷ്യമിടുന്നത്.
The Blaugrana need to strengthen their attack... but with what money? https://t.co/b1vKyfHbk6
— MARCA in English (@MARCAinENGLISH) November 11, 2021
സമ്മർ ജാലകത്തിൽ പ്രധാന താരങ്ങളെ നഷ്ടമായതിനു പുറമെ നിലവിലുള്ള താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തായതുമാണ് പുതിയ കളിക്കാരെ സ്വന്തമാക്കാൻ ബാഴ്സയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിലവിൽ പരിക്കേറ്റു പുറത്തായ താരങ്ങളെല്ലാം അടിക്കടി പരിക്കേറ്റു പുറത്തു പോവാൻ സാധ്യതയുള്ളതു കൊണ്ടു തന്നെ ഈ താരങ്ങളെ ലോണിൽ സ്വന്തമാക്കാനാണ് കാറ്റലൻ ക്ലബ് ഒരുങ്ങുന്നത്.
ജാക്ക് ഗ്രീലിഷ് സിറ്റിയിലെത്തിയതോടെ അവസരങ്ങൾ കുറഞ്ഞ റഹീം സ്റ്റെർലിങ് 2022 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടുന്നതു കൂടി ലക്ഷ്യമിട്ട് ക്ലബ് വിടാൻ തയ്യാറെടുക്കയാണ്. ഈ സീസണിൽ വെറും മൂന്നു പ്രീമിയർ ലീഗ് മത്സരത്തിലും ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മാത്രം ആദ്യ ഇലവനിൽ ഇടം നേടിയ റഹീം സ്റ്റെർലിങ് ജനുവരിയിൽ സിറ്റിയിൽ നിന്നും പുറത്തു പോകുമെന്നിരിക്കെ ബാഴ്സലോന തന്നെ താരത്തെ സ്വന്തമാക്കും എന്നാണു റിപ്പോർട്ടുകൾ.
അതേസമയം റൊണാൾഡോയുടെ സാന്നിധ്യം കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ കവാനിയും ലോകകപ്പ് ലക്ഷ്യമിട്ട് കൂടുതൽ അവസരങ്ങൾ നൽകുന്ന ക്ലബ്ബിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തേടുകയാണ്. മികച്ചൊരു സ്ട്രൈക്കറില്ലാത്ത ബാഴ്സലോണയിലേക്ക് താരം എത്താനുള്ള സാധ്യതകൾ അതുകൊണ്ടു തന്നെ തള്ളിക്കളയാൻ കഴിയില്ല.