Real Madrid News

ആൻസലോട്ടിക്ക് കളിക്കാരെ വളർത്തിയെടുക്കാൻ കഴിയില്ല, ഭാഗ്യമാണ് റയലിനെ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിച്ചതെന്ന് കസാനോ

Sreejith N
Cassano Says Ancelotti Was Lucky Against Chelse And PSG
Cassano Says Ancelotti Was Lucky Against Chelse And PSG / Soccrates Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് ഇത്തവണ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയതു ഭാഗ്യം കൊണ്ടാണെന്ന് ക്ലബിന്റെ മുൻ താരവും ഇറ്റാലിയൻ സ്‌ട്രൈക്കറുമായ അന്റോണിയോ കസാനോ. ഒരു കളിക്കാരനും അൻസലോട്ടിക്കു കീഴിൽ കളിച്ച് മികച്ച താരമായി വളർന്നു വന്നതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് ചെൽസിയോട് വിയർത്തു നേടിയ വിജയത്തിലാണ് സെമി ഫൈനലിൽ ഇടം നേടിയത്. ഇതോടെ നാല് വിവിധ ദശാബ്ദങ്ങളിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇടം നേടിയ പരിശീലകനെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയെങ്കിലും കസാനോയെ അതൊട്ടും സ്‌പർശിച്ചിട്ടില്ല.

"റയൽ മാഡ്രിഡ് വളരെ മോശമായാണ് ചെൽസിക്കെതിരെയും പിഎസ്‌ജിക്കെതിരെയും കളിച്ചത്. ആൻസലോട്ടി വളരെ വളരെ ഭാഗ്യമുള്ളയാളാണ്. എന്നാൽ ഭാഗ്യം വളരെ പെട്ടന്നോ അല്ലെങ്കിൽ പിന്നീടോ അവസാനിക്കും." ബോബോ ടിവിയോട് സംസാരിക്കെ കസാനോ പറഞ്ഞു.

"റയൽ മാഡ്രിഡ് ലാ ലിഗയിലും നന്നായി കളിച്ചില്ല. ബാഴ്‌സയുടെ തുടക്കം മോശമായിരുന്നു, എന്നാലിപ്പോഴതൊരു വ്യത്യസ്‌തമായ കഥയാണ്. ആൻസലോട്ടി പ്ലേയേഴ്‌സിന്റെ സാഹചര്യങ്ങൾ വളരെ സുഖകരമാക്കും. പക്ഷെ അദ്ദേഹം ഏതെങ്കിലും ഒരു താരത്തെ വളർത്തിയെടുത്തതായി എനിക്കറിയില്ല." കസാനോ വ്യക്തമാക്കി.

കസാനോ വിമർശിക്കുമ്പോഴും ഈ സീസണിൽ ഡബിൾ കിരീടങ്ങൾ നേടാനുള്ള കുതിപ്പിലാണ് ആൻസലോട്ടിയുടെ റയൽ മാഡ്രിഡ്. ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന ടീം ലാ ലിഗയിൽ വളരെ മുന്നിലാണ്. ലാ ലിഗ കിരീടം നേടിയാൽ അഞ്ചു പ്രധാന ലീഗ് കിരീടം നേടുന്ന ആദ്യത്തെ പരിശീലകനെന്ന നേട്ടം കൂടിയാണ് ആൻസലോട്ടിക്ക് സ്വന്തമാവുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit