Juventus News

ബെൻസിമയും മോഡ്രിച്ചും റയൽ മാഡ്രിഡിൽ നടത്തുന്ന പ്രകടനം ഡി മരിയക്കു യുവന്റസിൽ ആവർത്തിക്കാൻ കഴിയുമെന്ന് ഇകർ കസിയസ്

Sreejith N
Casillas Thinks Di Maria Can Emulate Modric And Benzema At Juventus
Casillas Thinks Di Maria Can Emulate Modric And Benzema At Juventus / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ഏഞ്ചൽ ഡി മരിയ യുവന്റസിലേക്ക് ചേക്കേറാനിരിക്കെ താരത്തിന് ഇറ്റാലിയൻ ക്ലബിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ് ഇതിഹാസമായ ഇകർ കസിയസ്. റയൽ മാഡ്രിഡിൽ വെറ്ററൻ താരങ്ങളായ ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ എന്നിവർ നടത്തുന്ന മികച്ച പ്രകടനം യുവന്റസിനൊപ്പം നടത്താൻ ഡി മരിയക്കും കഴിയുമെന്നാണ് കസിയസ് പറയുന്നത്.

"ഡി മരിയ യുവന്റസിലേക്ക് ചേക്കേറുന്നത് മികച്ചൊരു നീക്കമാണ്. ചിയേസ, വ്ലാഹോവിച്ച്, പോഗ്ബ എന്നിവർക്കൊപ്പം ഏഞ്ചലും, എന്തൊരു മഹത്തായ ടീം. താരത്തിന് ലോകകപ്പിനു വേണ്ടി തയ്യാറെടുക്കുകയും വേണം. വളരെ ശ്രദ്ധാലുവായ ഡി മരിയ തന്റെ ശരീരത്തെ വളരെ നല്ല രീതിയിൽ കാത്തു സൂക്ഷിക്കുന്നുണ്ട്. ഗുരുതര പരിക്കുകൾ ബാധിക്കാത്ത താരം നല്ല രീതിയിലാണ് ഇപ്പോഴുള്ളതെന്ന് ഞാൻ കരുതുന്നു."

"യൂറോപ്പിൽ കളിച്ച എല്ലാ വമ്പൻ ക്ലബുകളിലും താരം ഉയർന്ന നിലവാരത്തിലുള്ള പ്രകടനം നടത്തിയിട്ടുണ്ട്. യുവന്റസ് താരത്തിന് ഒരു പുതിയ തുടക്കമാണ്. നവംബറിൽ ലോകകപ്പ് ആരംഭിക്കാനിരിക്കെ സ്ഥിരമായി അവസരങ്ങൾ ലഭിക്കുന്ന ഒരു ടീമിനൊപ്പം ചേർന്ന് ഖത്തറിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ താരം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്."

"മുപ്പത്തിനാലാം വയസിലും മികച്ച താരമാണദ്ദേഹം. പ്രായം ഇപ്പോൾ കണക്കാക്കുന്നത് അനുബന്ധമാണ്, കരിയറിന് നീളം വർധിച്ചു തുടങ്ങിയിരിക്കുന്നു. 44 വയസിലെത്തിയ എന്റെ സുഹൃത്തായ ജിയാൻലൂയിജി ബുഫണിനു പുറമെ മുപ്പതു കഴിഞ്ഞ് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ ഉദാഹരമായുണ്ട്. നിങ്ങൾ ബെൻസിമ, മോഡ്രിച്ച് എന്നിവരെക്കുറിച്ച് ചിന്തിക്കണം." കസിയസ് ഗസറ്റ ഡെല്ല സ്പോർട്ടിനോട് പറഞ്ഞു.

നാല് വർഷം റയൽ മാഡ്രിഡിനു വേണ്ടി കളിച്ച ഏഞ്ചൽ ഡി മരിയ ആറു കിരീടങ്ങൾ നേടിയാണ് അവിടെ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. എന്നാൽ ഇംഗ്ലണ്ടിലെ ജീവിതവുമായി യോജിച്ചു പോകാൻ കഴിയാതിരുന്ന താരം പിന്നീട് പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ക്ലബിന്റെ പ്രധാനതാരമായി മാറുകയും ചെയ്‌തു. ലോകകപ്പിൽ അർജന്റീനയുടെ പ്രതീക്ഷകൾ ഡി മരിയയുടെ ഫോമിനെക്കൂടി ആശ്രയിച്ചാണുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit