"രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ തോൽക്കുന്നത് സലാക്ക് സങ്കടമുണ്ടാക്കില്ലെന്ന് കരുതാം"- മുന്നറിയിപ്പുമായി കർവാഹാൾ

Carvajal Warns Salah Ahead Of Champions League Final
Carvajal Warns Salah Ahead Of Champions League Final / Alex Livesey/GettyImages
facebooktwitterreddit

അടുത്ത ദിവസം നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ റയൽ മാഡ്രിഡ് കീഴടക്കുമെന്ന മുന്നറിയിപ്പു നൽകി ലോസ് ബ്ലാങ്കോസ് താരം ഡാനി കർവാഹാൾ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ താരമായ സലാ 2018ലെ ഫൈനലിൽ തോറ്റതിന്റെ പ്രതികാരം നടത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്‌പാനിഷ്‌ താരം.

2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സെർജിയോ റാമോസിന്റെ ഫൗളിൽ പരിക്കേറ്റു സലാക്ക് പുറത്തു പോകേണ്ടി വരികയും റയൽ മാഡ്രിഡ് കിരീടം നേടുകയും ചെയ്‌തതിനാൽ ഈ വർഷം അതേ ടീമുകൾ നേർക്കുനേർ വരുന്നതിനെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതിനിടയിൽ റയൽ മാഡ്രിഡുമായി ചില കണക്കുകൾ തീർക്കാനുണ്ടെന്ന് സലാ ട്വിറ്ററിൽ പോസ്റ്റു ചെയ്‌തത്‌ കൂടുതൽ ചർച്ചയാവുകയും ചെയ്‌തു.

"സലായും ലിവർപൂളും പ്രതികാരത്തിന്റെ മൂഡിലാണോ എന്നെനിക്ക് അറിയില്ല. ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോറ്റാൽ അതേ ടീമുമായി വീണ്ടുമൊരു മത്സരം കളിക്കാനും അവരെ തോൽപ്പിക്കാനും നമുക്ക് തോന്നുമെന്നത് തീർച്ചയാണ്. റയൽ മാഡ്രിഡുമായി രണ്ടാമതൊരു ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽക്കുന്നതിന്റെ സങ്കടം സലാക്കുണ്ടാകില്ലെന്ന് കരുതാം." എബിസിയോട് സംസാരിക്കുമ്പോൾ കർവാഹാൾ പറഞ്ഞു.

നോക്ക്ഔട്ട് മത്സരങ്ങളിൽ വമ്പൻ ടീമുകൾക്കെതിരെ പിന്നിൽ നിന്നതിനു ശേഷം പൊരുതി വിജയം നേടിയതിനാൽ തന്നെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായാൽ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായി അതു മാറുമെന്നും കർവാഹാൾ പറഞ്ഞു. ഈ കിരീടവും പിഎസ്‌ജി, യുവന്റസ്, ബയേൺ, ലിവർപൂൾ എന്നിവരെ കീഴടക്കി നേടിയ 2018ലെ കിരീടവുമാകും ഏറ്റവും മികച്ചതെന്നാണ് താരം പറയുന്നത്.

നോക്ക്ഔട്ട് മത്സരങ്ങളിൽ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ കീഴടക്കിയാണ് റയൽ മാഡ്രിഡ് ഫൈനലിൽ ഇടം നേടിയത്. ഈ മൂന്നു ടീമുകൾക്കെതിരെയും ഒരു ഘട്ടത്തിൽ റയൽ മാഡ്രിഡ് തോൽവിയുടെ വക്കിൽ എത്തിയെങ്കിലും അവിശ്വസനീയമായ പോരാട്ടവീര്യം കൊണ്ട് അവരതിനെ മറികടന്നു. ഫൈനലിലും അതു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.