ലൂയിസ് എൻറിക്വക്ക് റയൽ മാഡ്രിഡിനെതിരായ അജണ്ടയില്ല, സ്പെയിനില്ലാത്ത ലോകകപ്പ് ആലോചിക്കാനാവില്ലെന്നും ഡാനി കർവാഹാൾ


സ്പെയിൻ പരിശീലകനായ ലൂയിസ് എൻറിക്വ റയൽ മാഡ്രിഡിന് എതിരായ അജണ്ട നടപ്പാക്കുന്നില്ലെന്ന് ഡാനി കാർവാഹാൾ. മുൻ ബാഴ്സലോണ താരവും ബാഴ്സലോണ പരിശീലകനുമായിരുന്ന ലൂയിസ് എൻറിക്വ പരിശീലകനായ സ്പെയിൻ ടീമിൽ നിന്നും റയൽ മാഡ്രിഡ് താരങ്ങൾ നിരന്തരം തഴയപ്പെടുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റയൽ മാഡ്രിഡ് റൈറ്റ്ബാക്കായ കാർവാഹാൾ.
"ഞാനാ അഭിപ്രായ, കേട്ടപ്പോൾ തന്നെ അതിൽ സത്യത്തിന്റെ ഒരംശം പോലുമില്ലെന്ന് വിശദീകരിക്കാൻ ശ്രമിച്ചിരുന്നു. തനിക്ക് വേണ്ടതെന്താണോ, അത് നടപ്പിലാക്കാൻ കഴിയുമെന്നു കരുതുന്ന താരങ്ങളെയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്, അതേതു ടീമിനു വേണ്ടി കളിക്കുന്നവരായായാലും."
അതാണ് അദ്ദേഹത്തിന്റെ രീതിയും ഫിലോസഫിയും പദ്ധതിയും. എന്നെ എല്ലായിപ്പോഴും തിരഞ്ഞെടുക്കുന്നതിന് അദ്ദേഹത്തിനു നന്ദി, പത്രസമ്മേളനത്തിൽ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്കും. അതുപോലെ തന്നെ കാര്യങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു." മാർക്കക്ക് നൽകിയ അഭിമുഖത്തിൽ കർവഹാൾ പറഞ്ഞു.
ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ സ്വീഡനു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്പെയിനിന്റെ സാധ്യതകളെക്കുറിച്ചും താരം സംസാരിച്ചു. ഗ്രൂപ്പിൽ സ്വീഡനു പിന്നിലായാൽ പ്ലേ ഓഫ് കളിച്ചു മാത്രമേ സ്പൈനിന് ലോകകപ്പ് യോഗ്യത നേടിയെടുക്കാൻ കഴിയുകയുള്ളൂ.
"സ്പെയിനില്ലാതെ ഒരു ലോകകപ്പ് ആലോചിക്കാനാവുമോ? ഇപ്പോൾ എന്തായാലുമില്ല. അതു സംഭവിക്കാതിരിക്കാൻ എല്ലാവരും കഠിനമായി അധ്വാനിക്കണം. അവസാനം സ്പെയിൻ പ്ലേ ഓഫ് കളിച്ചത് എനിക്ക് ഓർക്കാൻ കഴിയുന്നില്ല. അതിലൂടെ വീണ്ടും കടന്നു പോകാതിരിക്കയാണു നല്ലത്." കർവാഹാൾ വ്യക്തമാക്കി.
ഇന്റർനാഷണൽ ബ്രേക്കിൽ നടക്കാനിരിക്കുന്ന മത്സരങ്ങൾക്കുള്ള സ്പെയിൻ സ്ക്വാഡിൽ കർവാഹാളിനെ എൻറിക്വ തിരിച്ചു വിളിച്ചിട്ടുണ്ട്. താരം പരിക്കിൽ നിന്നും മുക്തനാണെങ്കിൽ സ്പെയിൻ ടീമിൽ തീർച്ചയായും ഇടമുണ്ടാകുമെന്നാണ് എൻറിക്വ പറഞ്ഞത്.