Football in Malayalam

സോൾഷെയറിന്റേതുമായി സാമ്യമുള്ളതാവും തന്റെയും ശൈലിയെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകൻ കാരിക്ക്

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Pool/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയറുമായി വർഷങ്ങളോളം അടുത്തു പ്രവർത്തിച്ചിട്ടുള്ളതു കൊണ്ട് അദ്ദേഹത്തിന്റെ ശൈലിയുമായി തന്റേതിനു സാമ്യമുണ്ടാകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക്ക്. വാട്ഫോഡുമായി നടന്ന മത്സരത്തിലെ കനത്ത തോൽവിക്കു ശേഷം സോൾഷെയറെ പുറത്താക്കിയതിനു പിന്നാലെയാണ് സഹപരിശീലകൻ ആയിരുന്ന കാരിക്കിന് ടീമിന്റെ ചുമതല നൽകിയത്.

ഈ സീസൺ അവസാനിക്കുന്നതു വരെ ടീമിനെ പരിശീലിപ്പിക്കാൻ ഒരു ഇന്ററിം കോച്ചിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരയുന്നുണ്ട് എന്നതു കൊണ്ടു തന്നെ പരിചയസമ്പത്തിന്റെ അഭാവമുള്ള കാരിക്കിന് എത്ര മത്സരങ്ങളിൽ ക്ലബ്ബിനെ നയിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. ഇന്നു രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ടീമിനെ ഒരുക്കുന്ന കാരിക്ക് തന്റെ ശൈലിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

"ഞാൻ ഒലെയുമൊരുമിച്ച് നീണ്ടകാലം ജോലി ചെയ്‌തിട്ടുണ്ട്‌ എന്നതു കൊണ്ടു തന്നെ ഞങ്ങൾക്ക് ഒരുപോലെയുള്ള വിശ്വാസങ്ങളുണ്ട്. കളിക്കാരെന്ന നിലയിലും പരിശീലകരെന്ന നിലയിലും ഞങ്ങളതാണു ചെയ്യുന്നത്. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ടെങ്കിലും സോൾഷെയറുമായി ഒരുപാട് കാലം ഒരുമിച്ചു നിന്നിട്ടുള്ളതു കൊണ്ട് ഞങ്ങളുടെ ശൈലിയിൽ സാമ്യമുണ്ടാകും," കാരിക്ക് പറഞ്ഞു.

നിലവിലെ പ്രതിസന്ധികളുടെ ഇടയിൽ ടീമിനെ മത്സരത്തിനു തയ്യാറെടുപ്പിക്കുക വലിയ വെല്ലുവിളിയാണെന്നും കാരിക്ക് പറഞ്ഞു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയൊരു മഹത്തായ ക്ലബിൽ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കാൻ നമുക്ക് കഴിയില്ലെന്നും അതുകൊണ്ടു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ മത്സരത്തിൽ വിയ്യാറയലിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. നിലവിൽ ഏഴു പോയിന്റ് വീതം നേടിയ വിയ്യാറയലും മാഞ്ചസ്റ്റർ യുണൈറ്റഡും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നുണ്ടെങ്കിലും അഞ്ചു പോയിന്റ് നേടിയ അറ്റലാന്റ ഇവർക്കു ഭീഷണിയാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ രണ്ടു ടീമുകൾക്കും വിജയം അനിവാര്യമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit