Football in Malayalam

ചെൽസിയുമായുള്ള മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി മൈക്കൽ കാരിക്ക്

Sreejith N
Chelsea v Manchester United - Premier League
Chelsea v Manchester United - Premier League / Clive Rose/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ്, റൊണാൾഡോ ആരാധകരെ ഞെട്ടിച്ചാണ് ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിനെ താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക്ക് പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിനെതിരായ മത്സരത്തിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും കാരിക്ക് ഒഴിവാക്കിയെന്നതാണ് അതിനു കാരണം.

റൊണാൾഡോക്ക് പകരം മുന്നേറ്റനിരയിൽ ജാഡൻ സാഞ്ചോ, മാർക്കസ് റാഷ്‌ഫോഡ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് ഇടം പിടിച്ചത്. കാരിക്കിന്റെ തന്ത്രങ്ങൾ ഫലം കണ്ടുവെന്നു തന്നെയാണ് മത്സരഫലം വ്യക്തമാക്കുന്നത്. ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന ചെൽസിയെ അവരുടെ മൈതാനത്ത് സമനിലയിൽ കുരുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞു. മത്സരത്തിനു മുൻപ് റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിന്റെ കാരണവും താരം വ്യക്തമാക്കി.

"ക്രിസ്റ്റ്യാനോ ഞങ്ങൾക്കുള്ള പ്രധാനപ്പെട്ട പേരു തന്നെയാണ്, എന്നാൽ ഇത് മത്സരത്തിന്റെ പദ്ധതിയും ആശയങ്ങളും മാത്രമാണ്. ഞാൻ ക്രിസ്റ്റ്യാനോയുമായി നല്ലൊരു ചാറ്റ് നടത്തിയിരുന്നു, അദ്ദേഹം അതിനോടു സഹകരിച്ചു, ഞങ്ങൾ ഇന്നിതു പോലെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്‌തു, മത്സരത്തിനു വേണ്ടി കാത്തിരിക്കയാണ്. ഇത് ടീമിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം മാത്രമാണ്. കൂടുതൽ നാടകീയതകൾ അതിലാവശ്യമില്ല."

"എല്ലാവരും നന്നായിരിക്കുന്നു, ടീമിനു പുറത്തുള്ള താരങ്ങളെല്ലാം നല്ല രീതിയിൽ തന്നെയാണുള്ളത്. ക്രിസ്റ്റ്യാനോയും അതിലുണ്ട്, കളിക്കാർക്കൊപ്പം നിൽക്കുന്നു, അവർക്ക് നൂറു ശതമാനം പിന്തുണ നൽകുന്നു, ആവശ്യമുള്ളപ്പോൾ വരികയും ചെയ്യുന്നു. ഞങ്ങൾ തിരഞ്ഞെടുത്ത ടീമിൽ സംതൃപ്തരാണ്. വിജയം നേടാനാണ് ഇവിടെ വന്നിട്ടുള്ളത്, എല്ലാ മത്സരങ്ങളിലും എന്നതു പോലെത്തന്നെ." കാരിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ റൊണാൾഡോ പകരക്കാരനായി ഇറങ്ങിയിരുന്നു എങ്കിലും ടീമിന് വിജയം സ്വന്തമാക്കി നൽകാൻ കഴിഞ്ഞിരുന്നില്ല. ഈ സീസണിൽ ഇതാദ്യമായല്ല റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ നിന്നും പുറത്താക്കപ്പെടുന്നത്. ഒക്ടോബറിൽ എവർട്ടനുമായി നടന്ന മത്സരത്തിൽ സോൾഷെയറും താരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയിരുന്നു.

facebooktwitterreddit