Football in Malayalam

വിയ്യാറയലിനെതിരായ വിജയം സോൾഷെയറിനു സമർപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക്ക്

Sreejith N
Manchester United v Burnley - Premier League
Manchester United v Burnley - Premier League / Pool/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ വിയ്യാറയലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയം മുൻ പരിശീലകനായ സോൾഷെയറിനു സമർപ്പിച്ച് താൽക്കാലിക പരിശീലകനായ മൈക്കൽ കാരിക്ക്. ഒലെ ഗുണ്ണാർ സോൾഷെയറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയതിനു ശേഷം നടന്ന ആദ്യത്തെ മത്സരത്തിൽ റൊണാൾഡോ, സാഞ്ചോ എന്നിവർ നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.

അവസാനം കളിച്ച നാല് മത്സരങ്ങളിൽ നിന്നും ആദ്യത്തെ ജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്‌തിരുന്നു ഇതിനു പിന്നാലെയാണ് താൻ ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം നടന്ന ആദ്യ മത്സരത്തിലെ വിജയത്തെക്കുറിച്ച് കാരിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്.

"ക്ലബിലുള്ള എല്ലാവർക്കും ഈ ദിവസങ്ങൾ അത്ര എളുപ്പമല്ലെന്ന് ഞാൻ കളിക്കാരോട് പറഞ്ഞിരുന്നു. എനിക്കിത് ആസ്വദിക്കാൻ കഴിയുന്നതിനൊപ്പം ഈ ഫലം ഒലെക്കു വേണ്ടിയുള്ളതാണെന്നും ഞാൻ കരുതുന്നു, അതിൽ നിന്നും മാറി നിൽക്കാൻ എനിക്കു കഴിയില്ല. ഞങ്ങൾക്കൊരു ജോലി ചെയ്യാറുണ്ടായിരുന്നു, ഞാനവിടെ ഉള്ളതിനാൽ അവരത് എന്നെ ഏൽപ്പിച്ചപ്പോൾ സന്തോഷത്തോടെ ഏറ്റെടുത്തു, നിലവിൽ എല്ലാം ഭംഗിയായി വരികയും ചെയ്‌തു."

വിയ്യാറയലിനെതിരായ മത്സരത്തിലെ വിജയം വലിയൊരു നേട്ടം തന്നെയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനായ ഹാരി മഗ്വയറും പ്രതികരിച്ചു. ആദ്യപകുതി അത്ര മികച്ചതായിരുന്നില്ല എങ്കിലും ബെഞ്ചിൽ നിന്നും വന്ന താരങ്ങൾ കൂടുതൽ സമ്മർദ്ദം ചെലുത്തിയെന്നും തുടർന്നും ഇതേ പ്രകടനം നടത്താൻ കഴിയണമെന്നും മഗ്വയർ കൂട്ടിച്ചേർത്തു.

അതേസമയം വിയ്യാറയലിനെതിരായ ചാമ്പ്യൻസ് ലീഗ് വിജയം നൽകിയ ആത്മവിശ്വാസത്തിൽ പ്രീമിയർ ലീഗിലെ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനു മുന്നിലുള്ളത് ടേബിൾ ടോപ്പേഴ്‌സായ ചെൽസിയാണ്. പ്രീമിയർ ലീഗിൽ നടന്ന അവസാന ഏഴു മത്സരങ്ങളിൽ നിന്നും നാലു പോയിന്റ് മാത്രം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളി തന്നെയായിരിക്കും ആ മത്സരം.

facebooktwitterreddit