Football in Malayalam

റയൽ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബുകളിലേക്ക്‌ ഹാരി കേനിനും സലാക്കും ഇനി ചേക്കേറാനാവില്ലെന്ന് ലിവർപൂൾ ഇതിഹാസം

Sreejith N
Liverpool v Tottenham Hotspur - Premier League
Liverpool v Tottenham Hotspur - Premier League / Pool/Getty Images
facebooktwitterreddit

ലിവർപൂളിന്റെയും ടോട്ടനം ഹോട്സ്പറിന്റെയും സൂപ്പർതാരങ്ങളായ മൊഹമ്മദ് സലാ, ഹാരി കേൻ എന്നിവർക്ക് ബാഴ്‌സലോണ, റയൽ മാഡ്രിഡ് ടീമുകളിലേക്ക് എത്താൻ അവസരമുണ്ടായിരുന്നെങ്കിലും ഇനി അങ്ങിനെയൊരു ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യതയില്ലെന്ന് ലിവർപൂളിന്റെ ഇതിഹാസതാരമായ ജേമീ കരാഗർ. നിലവിലെ സാഹചര്യങ്ങളും താരങ്ങളുടെ പ്രായവും മൂലമാണ് ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യതകളെ കരാഗർ തള്ളിക്കളയുന്നത്.

"സലാ ഇനിയുള്ള ഏതാനും വർഷങ്ങൾ കൂടി ലിവർപൂളിനൊപ്പം ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. ഹാരി കേനിന്റെയും താരത്തിന്റെയും സാഹചര്യം ഒരു പോലെയാണ്. ബാഴ്‌സലോണയായാലും റയൽ മാഡ്രിഡായാലും ഇരുവർക്കും തങ്ങൾക്ക് ആഗ്രഹമുള്ളിടത്തേക്ക് പോകാനുള്ള അവസരം നേരത്തെ നഷ്‌ടമായി," റോബീ ഫൗളർസ്‌ പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ കരാഗർ പറഞ്ഞു.

"ഹാരി കേൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ചേക്കേറുന്നതിനുള്ള സാധ്യതയും സമാനമാണ്. രണ്ടു താരങ്ങൾക്കും 120 മില്യണോ അതിൽ കൂടുതലോ വേണ്ടി വന്നേക്കും. താരങ്ങളുടെ പ്രായം കണക്കാക്കുമ്പോൾ ഇത്രയും തുക ആരും മുടക്കാൻ തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല."

നേരത്തെ സലാ ലിവർപൂളിൽ തൃപ്തനല്ലെന്നും ഈ സീസണ് ശേഷം താരം ക്ലബ് വിടുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ബാഴ്സ, റയൽ മാഡ്രിഡ് ക്ലബുകൾക്ക് വേണ്ടി കളിക്കാനുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചിരുന്നു. അതേസമയം ടോട്ടനം ഈ സീസണിലും കിരീടങ്ങൾ സ്വന്തമാക്കാൻ സാധ്യതയില്ലെന്നതാണ് കേൻ ക്ലബ് വിടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.

പ്രീമിയർ ലീഗ് കിരീടം നേടാനുള്ള സാധ്യതയില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ അതിന്റെ ക്ഷീണം മാറ്റാമെന്ന പ്രതീക്ഷ മാത്രമാണ് ഈ സീസണിൽ ലിവർപൂളിനുള്ളത്. അതേസമയം ഇന്നലെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ തോറ്റതോടെ ടോട്ടനത്തിന്റെ കിരീടപ്രതീക്ഷകൾ അവസാനിച്ചത് കേനിന്റെ ഭാവി പരിപാടികളിൽ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ട്.

facebooktwitterreddit