ലോസ് ഏഞ്ചൽസ് എഫ്‌സിയിലേക്ക് ചേക്കേറിയ ബേലിന് മുന്നറിയിപ്പുമായി സഹതാരം കാർലോസ് വെല

Carlos Vela Sent Warning To Gareth Bale
Carlos Vela Sent Warning To Gareth Bale / James Williamson - AMA/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് കരാർ അവസാനിച്ചതോടെ അമേരിക്കൻ ക്ലബായ ലോസ് ഏഞ്ചൽസ് എഫ്‌സിയിലേക്ക് ചേക്കേറിയ ഗാരെത് ബേലിന് മുന്നറിയിപ്പുമായി സഹതാരം കാർലോസ് വെല. പൊതുവിൽ കരുതുന്നതു പോലെ എംഎൽഎസ് എളുപ്പമുള്ള ലീഗില്ലെന്നും മികച്ച പ്രകടനം നടത്താൻ താരം അദ്ധ്വാനിക്കേണ്ടി വരുമെന്നും മെക്‌സിക്കൻ മുന്നേറ്റനിരതാരം പറഞ്ഞു.

യൂറോപ്പിൽ നിന്നുമുള്ള നിരവധി ഓഫറുകൾ തഴഞ്ഞാണ് ഗാരെത് ബേൽ അമേരിക്കൻ ലീഗ് സോക്കറിലേക്ക് ചേക്കേറിയത്. വെയിൽസിനു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചതിനു ശേഷം ലോസ് ഏഞ്ചൽസ് ഫുട്ബോൾ ക്ലബ്ബിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയ താരത്തിനു മുന്നിൽ ലോകകപ്പിനു മുൻപ് മികച്ച രീതിയിൽ തയ്യാറെടുക്കുകയെന്ന ലക്ഷ്യവുമുണ്ട്.

"നല്ല മനോഭാവത്തോടെയും മികച്ച നിലയിലുമാണ് വരുന്നതെങ്കിൽ ബേലിന് പ്രധാനിയാകാം, കാരണം അദ്ദേഹം ഒരു വലിയ താരമാണ്. റയൽ മാഡ്രിഡിൽ നിന്നാണ് വരുന്നതെന്നതു കൊണ്ട് താരം എത്ര മികച്ചതാണെന്ന് പറയേണ്ടതില്ല, എല്ലാവർക്കും അതറിയാവുന്ന കാര്യമാണ്."

"ആളുകൾ ചിന്തിക്കുന്നതു പോലെ ഇവിടം അത്ര എളുപ്പമല്ലെന്നും നന്നായി അധ്വാനിക്കേണ്ടി വരുമെന്നേ എനിക്ക് പറയാനുള്ളൂ. നല്ല ശാരീരികസ്ഥിതിയിൽ മികച്ച മനോഭാവവുമായി താരം വന്നാൽ അത് ക്ലബിന് ഗുണം ചെയ്യും. ഞങ്ങൾക്ക് കിരീടങ്ങൾ നേടുന്ന തലത്തിലെത്താൻ കഴിയുമെന്നും കരുതുന്നു." വെല മാധ്യമങ്ങളോട് പറഞ്ഞു.

റയൽ മാഡ്രിഡിലെ അവസാന സീസണുകളിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരുന്ന ബേലിന് തന്റെ മികവ് വീണ്ടും ആവർത്തിക്കാനുള്ള ഒരു വേദി കൂടിയാണ് ലോസ് ഏഞ്ചൽസ് എഫ്‌സിയോടൊപ്പം ലഭിച്ചിരിക്കുന്നത്. ബേലിനു പുറമെ മുൻ യുവന്റസ് താരം കില്ലിനിയും ലോസ് ഏഞ്ചൽസ് എഫ്‌സിയിൽ എത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.