ഖത്തർ ലോകകപ്പ് നേടാൻ അർജന്റീനക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് കാർലോസ് ടെവസ് 

Tevez says Argentina have great chance to win 2022 World cup
Tevez says Argentina have great chance to win 2022 World cup / PEDRO UGARTE/GettyImages
facebooktwitterreddit

2022 ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ് അർജന്റീന. സമീപകലത്തെ പ്രകടനം വിലയിരുത്തിയാൽ പരിശീലകൻ ലയണൽ സ്‌കലോണിക്കു കീഴിൽ കരുത്തുറ്റ ടീമായി ഉയർന്നു വരാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ട് കോപ്പ അമേരിക്കയും അടുത്തിടെ ഇറ്റലിയെ തകർത്ത് ഫൈനലിസിമ കിരീടവും നേടിയെടുത്തത് അർജന്റീനയെ ലോകകപ്പ് ഫേവറിറ്റുകളാക്കി മാറ്റിയിട്ടുണ്ട്.

ഇതു തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി താരവും അർജന്റീനൻ അക്രമണനിരയിലെ കുന്തമുനയുമായിരുന്ന കാർലോസ് ടെവസിനും പറയാനുള്ളത്. സൂപ്പർതാരം ലയണൽ മെസിയും സംഘവും ഇത്തവണ ലോകകപ്പ് കിരീടം നേടാൻ സാധ്യതയേറെയാണെന്നു ടെവസ് അടുത്തിടെ ഒരു അർജന്റീനൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ലയണൽ മെസി ലോകകപ്പ് നേടുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും അർജന്റീന ടീം വളരെ ഐക്യമുള്ള ഗ്രൂപ്പായി മാറിയിട്ടുണ്ടെന്നും ടെവസ് അഭിപ്രായപ്പെടുന്നു.

"ഖത്തറിൽ ലയണൽ മെസ്സി ലോകകപ്പ് ഉയർത്തിയാൽ അത് എന്നെ വളരെയധികം സന്തോഷിപ്പിക്കും. വളരെ ഐക്യമുള്ള ഒരു ഗ്രൂപ്പിനെ ഞാൻ കാണുന്നു. അവർ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നു. അതൊരു സാധാരണ കാര്യമല്ല. കപ്പ് ഉയർത്താൻ ഞങ്ങൾക്ക് വലിയ അവസരങ്ങളുണ്ട്," ടെവസ് പറഞ്ഞു.

സ്‌കലോണിക്കു കീഴിൽ 33 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് അർജന്റീന തുടരുന്നത്. താരപ്പൊലിമയുള്ള അക്രമണനിരയേക്കാൾ ശക്തമായ ഒരു പ്രതിരോധനിരക്ക് അടിത്തറ പാകാൻ സ്‌കലോണിക്ക് സാധിച്ചു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു വസ്തുത. പിഎസ്‌ജിയിൽ മോശം പ്രകടനത്തിന് പഴി കേൾക്കുന്നുണ്ടെങ്കിലും അർജന്റീനയുടെ കുന്തമുനയായി മുന്നേറ്റങ്ങൾ മെനയാൻ മെസി മിടുക്കു കാട്ടുന്നത് അർജന്റീനൻ മുന്നേറ്റനിരക്ക് ആവേശം പകരുന്നുണ്ട്.