മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വരുമ്പോൾ റയൽ മാഡ്രിഡ് ആശങ്കപ്പെടണമെന്ന് കാർലോസ് ടെവസ്


പതിമൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരായാണ് അറിയപ്പെടുന്നത്. വെറും മൂന്നു മത്സരങ്ങളിൽ കൂടി തങ്ങളുടെ മികവു തെളിയിക്കാൻ കഴിഞ്ഞാൽ ഒരിക്കൽ കൂടി റയൽ മാഡ്രിഡിന് യൂറോപ്പിലെ ഏറ്റവും വലിയ കിരീടം സ്വന്തമാക്കാൻ കഴിയും. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെയാണ് റയൽ മാഡ്രിഡ് നേരിടാനൊരുങ്ങുന്നത്.
എന്നാൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വരുമ്പോൾ ആശങ്കപ്പെടേണ്ടത് റയൽ മാഡ്രിഡാണെന്നാണ് പ്രീമിയർ ലീഗിലെ മുൻ സൂപ്പർതാരമായ കാർലോസ് ടെവസ് പറയുന്നത്. 2012ലെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ സിറ്റിക്കു വേണ്ടി ഇറങ്ങിയിട്ടുള്ള ടെവസ് വിജയത്തിന് അരികിലെത്തിയിരുന്നെങ്കിലും ബെൻസിമ, റൊണാൾഡോ എന്നിവർ നേടിയ ഗോളുകളിൽ ലോസ് ബ്ലാങ്കോസ് 3-2ന്റെ വിജയം നേടുകയായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അതിൽ നിന്നും വ്യത്യസ്തമാണെന്നാണ് ടെവസിന്റെ അഭിപ്രായം.
These days it's Real Madrid that should be worried, says Carlos Tevez#UCL #RealMadrid https://t.co/pyCZgRV3GJ
— AS USA (@English_AS) April 24, 2022
"ഇപ്പോൾ കാര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്. ഇന്ന് റയൽ മാഡ്രിഡാണ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്നതിൽ ആശങ്കപ്പെടേണ്ടത്. ഇതാണ് ഇപ്പോൾ സിറ്റിക്കുള്ള മുൻതൂക്കം. എതിരാളികൾ സിറ്റിക്ക് എന്താണ് കഴിയുകയെന്നത് തീർച്ചയായും ശ്രദ്ധിക്കേണ്ടി വരുന്നു." മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കെ കാർലോസ് ടെവസ് പറഞ്ഞു.
"ടീമിൽ നിലവിലുള്ള താരങ്ങളും കഴിഞ്ഞ കുറെ വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ യൂറോപ്പിലെ ഏതൊരു ടീമിനോടും പൊരുതാൻ കഴിവുള്ള ടീമാക്കി മാഞ്ചസ്റ്റർ സിറ്റിയെ മാറ്റിയിരിക്കുന്നു." ടെവസ് പറഞ്ഞു. അതേസമയം രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആർക്കായിരിക്കും വിജയമെന്നു പ്രവചിക്കുക അസാധ്യമാണെന്നും ടെവസ് കൂട്ടിച്ചേർത്തു.
"ഇതൊരു 50-50 മത്സരമാണ്. സിറ്റി ഈ സ്ഥിതിയിൽ എത്തി യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളോട് പൊരുതുന്നതിൽ എനിക്ക് സന്തോഷമുണ്ട്." ടെവസ് അറിയിച്ചു. ചാമ്പ്യൻസ് ലീഗ് വിജയിച്ചില്ലെങ്കിൽ പോലും ഇത്രയും വലിയ ടീമുകളോട് പൊരുതുന്നത് പ്രധാനമാണെന്നും കഴിഞ്ഞ പത്തു വർഷത്തിനിടെ മിഡ് ടേബിൾ ക്ലബിൽ നിന്നും യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകൾക്കൊപ്പമെത്തി നിൽക്കുന്ന സിറ്റിയുടെ നേട്ടം അഭിമാനാർഹമാണെന്നും താരം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.