കാർലോസ് ടെവസ് ഇനി പരിശീലകവേഷത്തിൽ, മുൻ അർജന്റീന താരത്തെ പരിശീലകനായി നിയമിച്ച് റൊസാരിയോ സെൻട്രൽ

Carlos Tevez has been named the new Rosario Central manager
Carlos Tevez has been named the new Rosario Central manager / STRINGER/GettyImages
facebooktwitterreddit

38ആം വയസ്സിൽ കളിക്കളത്തിൽ നിന്നും വിടപറഞ്ഞ അർജന്റീനൻ സൂപ്പർതാരം കാർലോസ് ടെവസ് ഫുട്ബോൾ ലോകത്തേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇത്തവണ പരിശീലകവേഷമണിഞ്ഞാണ് താരം തന്റെ കരിയറിലെ പുതിയ അദ്ധ്യായത്തിനു തുടക്കമിട്ടിരിക്കുന്നത്. അർജന്റീനൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ പരിശീലകസ്ഥാനമാണ് ടെവസ് ഏറ്റെടുത്തിട്ടുള്ളത്. ടെവസിനെ പുതിയ പരിശീലകനായി നിയമിച്ചുവെന്ന് റൊസാരിയോ സെൻട്രൽ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അർജന്റീനൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി ബൂട്ടു കെട്ടി മുന്നേറ്റനിരയിൽ കുന്തമുനയായി ഉയർന്നു വന്ന താരത്തിന്റെ അവസാന മത്സരവും ബൊക്കക്ക് വേണ്ടി തന്നെയായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം ഇക്കഴിഞ്ഞ 2022 ജൂൺ 4നാണ് താരം വിരമിക്കുകയാണെന്നു പ്രഖ്യാപിക്കുന്നത്.

മാനേജ്മെന്റ് തലത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് ടെവെസ് മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. "എന്റെ സഹോദരന്മാരുമായും ചാപ്പ റെറ്റേഗിയുമായും ചേർന്ന് ഞാൻ ഒരുക്കുന്ന പ്രൊജക്റ്റിൽ ഞാൻ വളരെ ആവേശത്തിലാണ്. ഞാൻ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. ഞങ്ങൾ നാലോ അഞ്ചോ മാസമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ ഒരു ഗ്ലോബൽ പ്രോജക്റ്റ് തയ്യാറാക്കുകയാണ്. എനിക്ക് ശരിക്കും ഇതിൽ താത്പര്യമുണ്ട്," പരിശീലകനാവാൻ താൻ തീരുമാനിച്ചെന്ന് വെളിപ്പെടുത്തി കൊണ്ട് ടെവസ് മുൻപ് പറഞ്ഞു.

അർജന്റീൻ ഫുട്ബോൾ ലീഗ് സിസ്റ്റത്തിലെ ടോപ് ഡിവിഷനായ അർജന്റീൻ പ്രിമേറ ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് റൊസാരിയോ സെൻട്രൽ. ഒരു വർഷത്തെ കരാറിലാണ് ടെവസ് റൊസാരിയോ സെൻട്രലിന്റെ പരിശീലകവേഷമണിയുന്നത്.