മുൻ അർജന്റീന താരം കാർലോസ് ടെവസ് പരിശീലകനായെത്തുന്നു
By Sreejith N

മുൻ അർജന്റീന കളിക്കാരനും മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളുടെ താരവുമായിരുന്ന കാർലോസ് ടെവസ് പരിശീലകനായെത്തുന്നു. അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു പ്രകാരം തന്റെ രാജ്യത്തെ തന്നെ ക്ലബായ റൊസാരിയോ സെൻട്രലിന്റെ പരിശീലകനാവാൻ ഏറ്റവും കൂടുതൽ സാധ്യത താരത്തിനാണ്.
റിപ്പോർട്ടുകൾ പ്രകാരം അടുത്തിടെ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കാർലോസ് ടെവസ് ടീമിന്റെ പരിശീലകനാവാൻ സമ്മതമറിയിച്ചിട്ടുണ്ട്. ആദ്യമായാണ് മുപ്പത്തിനാല് വയസുള്ള ടെവസ് ഏതെങ്കിലുമൊരു ടീമിന്റെ മാനേജരായി ചുമതല ഏറ്റെടുക്കുന്നത്.
Reports out of Argentina that Carlos Tevez is the new coach of Rosario Central! pic.twitter.com/B8xoN3cO2l
— Roy Nemer (@RoyNemer) June 16, 2022
ബൊക്ക ജൂനിയേഴ്‌സിൽ കരിയർ തുടങ്ങി അവിടെ തന്നെ കളിച്ച് വിരമിച്ച കാർലോസ് ടെവസ് അതിനിടയിൽ കൊറിന്ത്യൻസ്, വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, ഷാങ്‌ഹ്വ ഷെൻഹ്വ എന്നീ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. റൊസാരിയോ സെൻട്രൽ പരിശീലകനായെത്തിയാൽ തന്റെ മുൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിനെതിരെ താരത്തിനു ടീമിനെ ഇറക്കേണ്ടി വരും.
അർജന്റീനക്ക് വേണ്ടി 76 മത്സരങ്ങൾ കളിച്ചിട്ടുള്ള കാർലോസ് ടെവസ് പതിമൂന്നു ഗോളുകൾ കുറിച്ചിട്ടുണ്ട്. അർജന്റീന ലീഗിൽ നിലവിൽ മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ പതിനേഴാം സ്ഥാനത്തു നിൽക്കുന്ന റൊസാരിയോ സെൻട്രലിന്റെ പരിശീലനായതിനു ശേഷമുള്ള ടെവസിന്റെ ആദ്യത്ത മത്സരം ജൂൺ 24നു ജിംനാഷ്യക്ക് എതിരേയായിരിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.