ഏതെങ്കിലും റയൽ മാഡ്രിഡ് താരത്തിന് ക്ലബ് വിടാൻ ആഗ്രഹമുണ്ടെങ്കിൽ തടുക്കില്ലെന്ന് ആൻസലോട്ടി

Sreejith N
Real Betis Sevilla v Real Madrid - La Liga Santander
Real Betis Sevilla v Real Madrid - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് വിടാൻ ഏതെങ്കിലും താരം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അതിനെ താൻ തടുക്കില്ലെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി. റയൽ മാഡ്രിഡിൽ ഇതുവരെയും ചുവടുറപ്പിക്കാൻ കഴിയാത്ത ഈഡൻ ഹസാർഡ് അവസരങ്ങൾ കുറയുന്നതിന്റെ പേരിൽ ക്ലബ് വിടാൻ ആവശ്യപ്പെട്ടാൽ അതനുവദിക്കുമോയെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ആൻസലോട്ടി.

"എന്റെ കരിയറിൽ ഇതുവരെ ക്ലബ് വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ഒരു താരത്തെയും ഞാൻ നിർബന്ധിച്ചു കൂടെ നിർത്തിയിട്ടില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. ഒരു താരത്തിനു പോകണമെങ്കിൽ അയാൾ പോവുക തന്നെ ചെയ്യും. അതിൽ കൂടുതൽ സംശയമില്ല," ആൻസലോട്ടി എൽഷെക്കെതിരായ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.

എൽ ക്ലാസികോ മത്സരത്തിൽ മുഴുവൻ സമയവും ബെഞ്ചിലിരുന്ന ഹസാർഡിനെ ഒസാസുനക്കെതിരായ മത്സരത്തിന്റെ എഴുപതാം മിനുട്ടിലാണ് ആൻസലോട്ടി ഇറക്കിയത്. ഹസാർഡിനേക്കാൾ താൻ പരിഗണിക്കുന്നത് മറ്റു താരങ്ങളെയാണെന്നു വ്യക്തമാക്കിയതിനു പിന്നാലെയാണ് ബെൽജിയൻ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങിനെയൊരു മറുപടി ആൻസലോട്ടി നൽകിയത്.

കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ കടുത്ത ടാക്കിളുകൾക്ക് വിധേയനായ വിനീഷ്യസ് ജൂനിയറിനു പരിക്കിന്റെതായ പ്രശ്‌നങ്ങളില്ലെങ്കിലും ഫിറ്റ്നസ് നിലനിർത്തുന്നതിനു വേണ്ടി താരത്തെ ബെഞ്ചിലിരുത്തുമെന്നും ആൻസലോട്ടി പറഞ്ഞു. യുവതാരമായ വിനീഷ്യസ് വളരെ പെട്ടന്നു തന്നെ പരിക്കുകളിൽ നിന്നും മുക്തനാവുന്നുണ്ടെന്നും ആൻസലോട്ടി കൂട്ടിച്ചേർത്തു.

ഒസാസുനക്കെതിരെ റയൽ മാഡ്രിഡ് സമനില വഴങ്ങിയ ലീഗ് മത്സരത്തിൽ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ ഒരിക്കൽക്കൂടി ചൂണ്ടിക്കാട്ടിയ ആൻസലോട്ടി, സാവിയാണ് അടുത്ത ബാഴ്‌സലോണ പരിശീലകനായി എത്തുന്നതെങ്കിൽ അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞു.


facebooktwitterreddit