ആൻസലോട്ടിക്ക് റൊണാൾഡോയെ വേണം, താരം റയൽ മാഡ്രിഡിലെത്താനുള്ള സാധ്യതയേറുന്നു


യുവന്റസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു. പോർച്ചുഗൽ നായകനെയും റയലിനെയും ബന്ധപ്പെടുത്തി മുൻപ് പലപ്പോഴും ശക്തമായ അഭ്യൂഹങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും റയൽ പരിശീലകനായ കാർലോ ആൻസലോട്ടി റൊണാൾഡോയെ തിരിച്ചെത്തിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ.
റൊണാൾഡോയുടെ അടുത്ത സുഹൃത്തും എൽ ചിരിങ്കുയിട്ടോ ഷോയിലെ റിപ്പോർട്ടറുമായ എഡു അഗ്വയറാണ് റൊണാൾഡോയെ സംബന്ധിച്ച സുപ്രധാനമായ വിവരം പുറത്തു വിട്ടത്. അഗ്വയർ പറയുന്നതു പ്രകാരം റൊണാൾഡോയെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി റയൽ മാഡ്രിഡ് നേതൃത്വവുമായി ആൻസലോട്ടി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണിൽ റയലിന് കിരീടങ്ങൾ സ്വന്തമാക്കാൻ മുപ്പത്തിയാറുകാരനായ റൊണാൾഡോയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് ആൻസലോട്ടി കണക്കു കൂട്ടുന്നത്.
✅ Discussions opened about the idea of Cristiano Ronaldo returning
— SPORTbible (@sportbible) August 17, 2021
✅ Carlo Ancelotti "obsessed" with the idea of signing him
✅ Dressing room keen for a return
The bombshell was dropped by a close friend last night. THE RETURN COULD ACTUALLY HAPPEN ?https://t.co/jItrSQT4Qk
റൊണാൾഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ തന്നെ ശക്തി പ്രാപിച്ചിരുന്നു. ഒരു വർഷം മാത്രം യുവന്റസുമായി കരാർ ബാക്കിയുള്ള റൊണാൾഡോക്ക് ഇതുവരെയും പുതിയ കരാർ വാഗ്ദാനം നൽകിയിട്ടില്ലെന്നത് താരം ക്ലബ് വിടുന്നതിനുള്ള സാധ്യതകളും വർധിപ്പിക്കുന്നതാണ്. എന്നാൽ എംബാപ്പെ, ഹാലൻഡ് എന്നിവരെ ടീമിന്റെ ഭാഗമാക്കുന്നതിനു വേണ്ടി ശ്രമങ്ങൾ നടത്തുന്ന പെരസ്, റൊണാൾഡോ ട്രാൻസ്ഫർ അംഗീകരിക്കാൻ തയ്യാറാകുമോ എന്നു കണ്ടറിയേണ്ട കാര്യമാണ്.
റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായും ക്ലബിന് ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കി നൽകിയുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടത്. എന്നാൽ യുവന്റസിനൊപ്പം ആ നേട്ടങ്ങൾ ആവർത്തിക്കാൻ കഴിയുന്നില്ലെന്നത് റൊണാൾഡോയെ നിരാശനാക്കുന്നുണ്ട്. മെസി പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ ഫ്രാൻസിലെത്താനുള്ള സാധ്യതകൾ മങ്ങിയ റൊണാൾഡോ മെസിയില്ലാത്ത സ്പാനിഷ് ലീഗിലേക്ക് വീണ്ടും തിരിച്ചെത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.