Football in Malayalam

സ്വപ്‌നങ്ങളെ പിന്തുടരാൻ എംബാപ്പെക്ക് ഉപദേശം നൽകി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി

Sreejith N
Manchester City v Paris Saint-Germain: Group A - UEFA Champions League
Manchester City v Paris Saint-Germain: Group A - UEFA Champions League / Visionhaus/GettyImages
facebooktwitterreddit

എംബാപ്പയെ റയൽ മാഡ്രിഡിലെത്തിക്കാൻ റയൽ മാഡ്രിഡ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന പ്രസ്‌താവനയുമായി പരിശീലകൻ കാർലോ ആൻസലോട്ടി. റയൽ മാഡ്രിഡിനു വേണ്ടി കളിക്കാനുള്ള എംബാപ്പയുടെ ആഗ്രഹത്തെപ്പറ്റി ചിത്രീകരിക്കുന്ന ഒരു കോമിക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ "കുട്ടികൾ അവർക്കു സ്വന്തമായുള്ള സ്വപ്‌നങ്ങളെ പിന്തുടരണം," എന്നാണ് ആൻസലോട്ടി മറുപടി നൽകിയത്.

റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം എംബാപ്പെ മുൻപ് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കാനിരിക്കെ താരത്തിനു വേണ്ടി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് 200 മില്യൺ യൂറോ വരെ ഓഫർ ചെയ്യുകയുമുണ്ടായി. എന്നാൽ റയലിന്റെ ഓഫറുകളെല്ലാം പിഎസ്‌ജി തള്ളിക്കളഞ്ഞു.

പിഎസ്‌ജിയുമായി ഇതുവരെയും കരാർ പുതുക്കിയിട്ടില്ലാത്ത എംബാപ്പെ ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് താരം തന്റെ സ്വപ്‌നം പിന്തുടരണമെന്ന് ആൻസലോട്ടി പ്രതികരിച്ചത്. കുട്ടിയായിരിക്കുമ്പോൾ സീരി എയിൽ കളിക്കുകയെന്ന തന്റെ സ്വപ്‌നം നടപ്പിലാക്കാൻ കഴിഞ്ഞ കാര്യവും ആൻസലോട്ടി കൂട്ടിച്ചേർത്തു.

അതേസമയം പഴയ കരിയറിലേക്ക് തന്നെ തിരിച്ചു പോകാൻ കഴിഞ്ഞാൽ എന്താകണമെന്ന ചോദ്യത്തിന് ഒരു സ്‌ട്രൈക്കറായി കളിക്കാനാണ് താൽപര്യമെന്നാണ് ആൻസലോട്ടി മറുപടി നൽകിയത്. മിഡ്‌ഫീൽഡറായി കളിച്ചിരുന്നതു മൂലം കരിയറിൽ ഗോളുകളുടെ കുറവുണ്ടെന്നും വിനീഷ്യസ് ജൂനിയർ, കരിം ബെൻസിമ, എർലിങ് ഹാലാൻഡ് എന്നിവരെപ്പോലെ തനിക്കൊരു സ്‌ട്രൈക്കറാവാൻ താൽപര്യമുണ്ടെന്ന് ഇറ്റാലിയൻ പരിശീലകൻ വ്യക്തമാക്കി.

ആൻസലോട്ടി പരിശീലകനായി എത്തിയതിനു ശേഷം മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡ് നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ലീഗിൽ മൂന്നാം സ്ഥാനക്കാരായ റയൽ സോസിഡാഡിനെ ഇന്നു രാത്രി നേരിടാനിരിക്കെ വിജയം നേടി ലീഗ് കിരീടപ്പോരാട്ടത്തിൽ കൂടുതൽ മുന്നിലെത്താൻ തന്നെയാണ് റയലിന്റെ ശ്രമം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit