പേടിയുള്ളത് നല്ലതാണ്, എൽ ക്ലാസിക്കോക്കു മുൻപ് കൂമാനു മറുപടി നൽകി ആൻസലോട്ടി


ഇന്നു നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ നേരിടാനിരിക്കെ മത്സരത്തെക്കുറിച്ചാലോചിച്ച് പേടിയൊന്നും തോന്നുന്നില്ലെന്ന ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാന്റെ വാക്കുകൾക്കു മറുപടി നൽകി റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി. ചില സമയങ്ങളിൽ പേടിക്കുന്നത് നല്ലതാണെന്നും അതു ഗുണം ചെയ്യുമെന്നുമാണ് കാർലോ ആൻസലോട്ടി മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.
"ഇതുപോലെയുള്ള മത്സരങ്ങൾക്കു മുൻപ് കുറച്ചു പേടി വരുന്നത് സ്വാഭാവികമാണ്, പേടിയുള്ളത് നല്ലതുമാണ്. നിങ്ങൾക്ക് തീരെ പേടിയില്ലെങ്കിൽ പൂച്ചയാണെന്നു കരുതി ഒരു സിംഹത്തിന്റെ അരികിലേക്ക് പോകാൻ കഴിയും. അതുകൊണ്ടു തന്നെ പേടി പോസിറ്റിവായ കാര്യം കൂടിയാണ്. ഞാൻ വളരെയധികം ഭയന്നിരിക്കയാണെന്നല്ല പറയുന്നത്. ഒരു ഫുട്ബോൾ മത്സരം തോൽക്കുന്നതിനേക്കാൾ മോശപ്പെട്ട കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടെന്നാണ്."
? @MrAncelotti: "It's a massive game for Spanish football. We have to make sure we play well and come back with the right result." #ElClásico pic.twitter.com/qBHcxO4Ukk
— Real Madrid C.F. ???? (@realmadriden) October 23, 2021
മത്സരത്തിൽ ഹസാർഡ്, കാർവാഹാൾ എന്നിവരെ ലഭ്യമാണെന്നും ആൻസലോട്ടി പറഞ്ഞു. "കളിക്കാരോട് സംസാരിക്കുന്നതിനു മുൻപ് ഞാൻ ലൈനപ്പിനെ കുറിച്ചു പറയാനില്ല. ഈഡൻ ഹസാർഡ്, ഡാനി കാർവാഹാൾ എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്. പരിക്കിൽ നിന്നും മോചിതരായി വന്ന താരങ്ങളെ ആദ്യ ഇലവനിൽ ഇറക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും അവർ ലഭ്യമാണെന്നതും മത്സരത്തിൽ ഇറങ്ങാൻ കഴിയുമെന്നതുമാണ് പ്രധാനപ്പെട്ട കാര്യം."
ബാഴ്സലോണയിൽ ലയണൽ മെസിയുടെ അഭാവത്തെക്കുറിച്ചും ആൻസലോട്ടി സംസാരിച്ചു. " മെസിയിലെങ്കിലും ബാഴ്സയിൽ വളരെ മികച്ച താരങ്ങളുണ്ട്. ഞങ്ങൾ ബാഴ്സലോണയെയാണ് നേരിടുന്നത്. അതു മെസിയില്ലാത്ത ബാഴ്സയാണെങ്കിലും മത്സരത്തെ സമീപിക്കുന്ന രീതി മാറ്റാൻ ഞങ്ങൾ തയ്യാറല്ല. ബാഴ്സക്കെതിരെ എല്ലായിപ്പോഴുമെന്ന പോലെ മത്സരം ബുദ്ധിമുട്ടായിരിക്കും."
"ഞാൻ ക്യാമ്പ് ന്യൂവിൽ ഇതുവരെ വിജയിച്ചിട്ടില്ല. ഇതാണതിനുള്ള സമയമെന്നു കരുതുന്നു. അതൊരിക്കലും വളരെ എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല." ആൻസലോട്ടി വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിൽ ഷക്തറിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടിയെങ്കിലും ബാഴ്സലോണക്കെതിരെ തങ്ങളുടെ സമീപനം വേറെയായിരിക്കുമെന്നും ആൻസലോട്ടി കൂട്ടിച്ചേർത്തു.